എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്റെ ജീവന് പകരമായി 50 പാക് സൈനികരുടെ തലയറുക്കണം; അതിര്‍ത്തിയില്‍ കൊലപ്പെടുത്തിയ ഇന്ത്യന്‍ സൈനികന്റെ മകള്‍
എഡിറ്റര്‍
Tuesday 2nd May 2017 1:42pm

ജമ്മുകാശ്മീര്‍: തന്റെ അച്ഛന്റെ ജീവന് പകരമായി 50 പാക് സൈനികരുടെ തലയറുക്കണമെന്ന ആവശ്യവുമായി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കൊലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ പ്രേം സാഗറിന്റെ മകള്‍ സരോജ്.

എ.എന്‍.ഐയോടായിരുന്നു മകളുടെ പ്രതികരണം. പ്രേം സാഗറിന്റെ മരണ വിവരമറിഞ്ഞത് മുതല്‍ കുടുംബം ബി.എസ്.എഫ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

50 കാരനായ പ്രേം സാഗര്‍ 1994 ലാണ് സൈന്യത്തില്‍ പ്രവേശിക്കുന്നത്. ആര്‍മിയിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന അദ്ദേഹം രണ്ട് വര്‍ഷം മുന്‍പാണ് കാശ്മീരില്‍ എത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാനമായി വീട്ടിലെത്തിയത്.

രാജ്യത്തിന് വേണ്ടിയാണ് തന്റെ പിതാവ് ജീവന്‍ നല്‍കിയതെന്നും അതില്‍ അഭിമാനിക്കുന്നതായും കൊല്ലപ്പെട്ട സുബേദാര്‍ പരംജിത് സിങ്ങിന്റെ മകള്‍ സിമ്രാന്‍ ദീപ് പ്രതികരിച്ചു. ഇത്രയും നിഷ്ഠൂരമായ രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ടെന്നും കുടുംബം പ്രതികരിച്ചു.

ഇരുവരുടേയും ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 200 ാം ബറ്റാലിയന്‍ സൈനികരായിരുന്നു ഇരുവരും.

പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ നികൃഷ്ടമായ പ്രവര്‍ത്തിക്ക് ശക്തമായ തിരിച്ചടി തന്നെ നല്‍കുമെന്നും ഇന്ത്യ പ്രതികരിച്ചു. സുബേദാര്‍ പരംജിത് സിങ് പഞ്ചാബിലെ തരണ്‍ ജില്ല സ്വദേശിയാണ്. കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ ഉത്തര്‍പ്രദേശ് സ്വദേശിയും.

ഏപ്രില്‍ 28ന് അവധിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്ന സിങ് സുഹൃത്തിന് വേണ്ടി ജോലിയില്‍ തുടരുകയായിരുന്നു. മെയ് എട്ടിന് വീട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു

പാക്ക് റേഞ്ചേഴ്സ് റോക്കറ്റാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയുള്ള പാക്കിസ്ഥാന്റെ ആക്രമണം.സൈനികരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹംവികൃതമാക്കുകയായിരുന്നു.

പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി. ഒരു സൈന്യത്തില്‍നിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Advertisement