എഡിറ്റര്‍
എഡിറ്റര്‍
എന്തിനാണ് ഇന്ത്യ ബീജദാനത്തെ മോശമായി കാണുന്നത്, ജോണ്‍ എബ്രഹാം ചോദിക്കുന്നു
എഡിറ്റര്‍
Friday 13th April 2012 4:23pm

തന്റെ ചിത്രം പുറത്തിറങ്ങുന്നതോടെ ബീജദാനവുമായി ബന്ധപ്പെട്ട ആളുകളുടെ കാഴ്ചപ്പാട് മാറുമെന്നാണ് ബോളിവുഡ് സൂപ്പര്‍ ഹീറോ ജോണ്‍ എബ്രഹാം പറയുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഇത് ഏറെ സഹായകരമാണെന്ന് ആളുകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

‘ ചിത്രത്തിന്റെ പ്രമോ പുറത്തുവിട്ടപ്പോള്‍ തന്നെ ഞങ്ങളെ തേടി നിരവധി കോളുകളും മെയിലുകളുമാണ് വരുന്നത്. തങ്ങള്‍ക്കെങ്ങനെയാണ് സഹായിക്കാനാവുകയെന്നാണ് അവര്‍ ഞങ്ങളോട് ചോദിക്കുന്നത്. ചിത്രം കാണുക കൂടി ചെയ്യാതെ.’ ജോണ്‍ എബ്രഹാം പറഞ്ഞു.

ഒരു അപരിചിതന്റെ ബീജം സ്വീകരിക്കുകയെന്നത് മെട്രോ നഗരങ്ങളില്‍ ജീവിക്കുന്ന പുരോഗമന ചിന്താഗതിക്കാരായ സ്ത്രീകളെ സംബന്ധിച്ചുപോലും സ്വീകാര്യമല്ലാത്ത കാര്യമാണെന്ന് ജോണ്‍ എബ്രഹാം പറയുന്നു. ഇത്തരത്തിലുള്ള മൂന്ന് യുവതികളുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇതില്‍ ഒരാള്‍ പറഞ്ഞു തനിക്ക് പ്രസവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന്. മറ്റൊരാള്‍ ബീജം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. മൂന്നാമത്തെ സ്ത്രീ പറയുന്നത് തന്റെ മുന്നില്‍ മറ്റൊരു വഴിയൊന്നുമില്ലെങ്കില്‍ അങ്ങനെ ചെയ്യുമെന്നാണ്.’ ജോണ്‍ പറഞ്ഞു.

ഇന്ത്യയില്‍ പട്ടാളക്കാരും ബി.എസ്.എഫുകാരും യുദ്ധത്തിന് പോകുന്ന സമയത്ത് ബീജം സൂക്ഷിച്ചുവയ്ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം ബീജം ദാനം ചെയ്യുമോയെന്ന ചോദ്യത്തിന് എന്തുകൊണ്ടില്ലയെന്നായിരുന്നു ജോണിന്റെ മറുപടി.

ജോണ്‍ എബ്രഹാമിന്റെ ഹോം പ്രൊഡക്ഷന്റെ ആദ്യ ചിത്രം വിക്കി ഡോണര്‍ ഏപ്രില്‍ 20 ന് തിയ്യേറ്ററുകളിലെത്തുകയാണ്. സമൂഹം ചര്‍ച്ച ചെയ്യാന്‍ മടി കാണിക്കുന്ന ഇന്‍ഫേര്‍ട്ടിലിറ്റിയെന്ന പ്രശ്‌നത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Advertisement