ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പരിശീലന ക്യാമ്പില്‍നിന്നു മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് മതില്‍ ചാടി മുങ്ങിയതായി റിപ്പോര്‍ട്ട്. ജയ്പുരിലെ സവായ് മാന്‍ സിംഗ് സ്‌റ്റേഡിയം കോംപ്ലക്‌സിലെ ക്യാമ്പില്‍നിന്നു സിറ്റി ഹോട്ടലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ശ്രീശാന്ത് മതില്‍ ചാടിപ്പോയെന്ന് ഒരു ദേശീയ ദിനപത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടെയ്റ്റായിരുന്നു ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്നത്.

എന്നാല്‍ ശ്രീശാന്ത് വാര്‍ത്ത നിഷേധിച്ചു. ക്ലബ് അധികൃതരുടെ അനുവാദത്തോടെ നായകന്‍ രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവര്‍ക്കൊപ്പമാണു പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും അനാവശ്യവിവാദങ്ങള്‍ക്ക് മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു.

മതില്‍ ചാടിക്കടന്ന ശ്രീശാന്ത് പിറ്റേ ദിവസം രാവിലെ മതില്‍ ചാടിയാണ് അകത്തു കടന്നതെന്നും ദേശീയ ദിനപത്രം പുറത്തുവിട്ടു. സ്‌റ്റേഡിയം കോംപ്ലക്‌സിനുള്ളിലുള്ള രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയിലാണു താരങ്ങള്‍ താമസിച്ചത്. രാജസ്ഥാന്‍ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് സ്‌റ്റേഡിയം കോംപ്ലക്‌സിന്റെ ചുമതല.

രാത്രി ഏഴിനു ശേഷം കോംപ്ലക്‌സിനു പുറത്തു പോകുന്നവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. സംഭവം അന്വേഷിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ശിവ്ചന്ദ്രന്‍ മാലി പറഞ്ഞു.

അതേസമയം തങ്ങളുടെ താരങ്ങള്‍ക്കു മതില്‍ ചാടിക്കടക്കേണ്ട ആവശ്യമില്ലെന്ന് ക്ലബ് അധികൃതര്‍ വിശദീകരിച്ചു. ശ്രീശാന്തും ടെയ്റ്റും ഒരു തരത്തിലുള്ള നിയമ ലംഘനവും നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Malayalam news

Kerala news in English