എഡിറ്റര്‍
എഡിറ്റര്‍
തൊഴിലാളികള്‍ക്ക് വേതനം ബാങ്കു വഴി വിതരണം ചെയ്യുമെന്ന് ബജറ്റ്
എഡിറ്റര്‍
Monday 19th March 2012 4:43pm

തിരുവനന്തപുരം: തൊഴിലാളികളുടെ വേതനം ബാങ്ക് വഴി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം വരുന്ന വര്‍ഷം തൊഴില്‍വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

തൊഴിലാളികളുടെ മിനിമം കൂലി ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് വേതനം ബാങ്ക് വഴി വിതരണം ചെയ്യുന്നത്. ഇതിലൂടെ വിവിധ മേഖലയിലെ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എം. മാണി പറഞ്ഞു.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ ചുമട്ടു തൊഴിലാളികളുടെ കൂലി നിരക്ക് ഏകീകരിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നടപ്പുവര്‍ഷം കൂലി ഏകീകരണം നടക്കും ഇപ്രകാരം കൂലി ഏകീകരണത്തോടെ തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ഉറപ്പുവരുത്താന്‍ കഴിയും. കൂലി ഏകീകരണം നടപ്പിലാക്കിയ തിരുവനന്തപുരം, എറണാകുളം ജില്ലകളെ നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വരും വര്‍ഷം മറ്റ് ജില്ലകളെയും നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മാണി പറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികളുടെ താമസസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടുകൂടി തെരെഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളില്‍ പാര്‍പ്പിട പദ്ധതി നടപ്പിലാക്കും. ഇതിനായി 50 ലക്ഷം രൂപ ബജറ്റില്‍ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്. അസംഘടിത തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന ക്ഷേമബോര്‍ഡും ചേര്‍ന്ന് ജനശ്രീ ഭീമാ യോജന എന്ന ഒരു പുതിയ പദ്ധതി നടപ്പില്‍ വരുത്തും. സ്വകാര്യ ആശുപത്രികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴില്‍ ഉടമ, തൊഴിലാളി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു ത്രികക്ഷി വ്യവസായബന്ധ സമിതി നടപ്പുവര്‍ഷം നിലവില്‍ വരും-മാണി നിയമസഭയെ അറിയിച്ചു.

കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളില്‍ ഓരോ വനിതാ ഐ.ടി.ഐ.കള്‍ ആരംഭിക്കും. ഇതിനായി 250 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റില്‍ പറയുന്നു.

Malayalam news

Kerala news in English

Advertisement