എഡിറ്റര്‍
എഡിറ്റര്‍
നിഷ്‌കളങ്കര്‍ ഒന്ന് ഓര്‍ക്കുക; ജാതിയുണ്ടാക്കിയ ക്ഷീണം ഉണ്ടുപേക്ഷിച്ചാല്‍ തീരില്ല
എഡിറ്റര്‍
Saturday 3rd June 2017 12:46pm

ജാതിയല്ലേ ഉച്ചനീചത്വങ്ങള്‍ക്ക് കാരണം. സവര്‍ണ്ണരല്ലേ അതിന്റെ ഗുണഭോക്താക്കള്‍. ഞങ്ങളിതാ അത് വേണ്ടെന്ന് വച്ചിരിക്കുന്നു. അത്രയും ശരി. പുരോഗമനപരം. എന്നാല്‍ അതുകൊണ്ട് നിങ്ങളും ജാതിയെ വേണ്ടെന്ന് വയ്ക്കൂ എന്ന വാദം ഒരു കുടുക്കാണ്.


ജാതിയൊരു സാമൂഹ്യതിന്മയാണ് എന്നതിന്റെ ഏതാണ്ട് അംഗീകരിച്ചുകൊണ്ട് തന്നെയാണ് കേരളത്തിലെങ്കിലും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെടുന്നത് എന്നത് ആശ്വാസകരമാണ്. എന്നാല്‍ അത്തരം ഒരു പ്രാഥമിക തിരിച്ചറിവുണ്ട് എന്നതുകൊണ്ട് മാത്രം പല മാനങ്ങളുള്ള ആ സങ്കീര്‍ണ്ണ നിര്‍മ്മിതിയെ പൂര്‍ണ്ണമായി മനസിലായിക്കൊള്ളണം എന്നുമില്ല.

അതുമാത്രമല്ല, അതിനുള്ളില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെ മനസിലാക്കാതെ രേഖീയമായുള്ള സമീപനങ്ങളാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന പൊതുബോധം പലപ്പൊഴും ജാതിയുടെ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള പ്രായോഗികവും ഭാവനാ സമ്പുഷ്ടവുമായ കര്‍മ്മപദ്ധതികളെ തുരങ്കം വയ്ക്കുകയായിരിക്കും ഫലത്തില്‍ ചെയ്യുക.

ജാതി ഒരു തിന്മയാണെങ്കില്‍, അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണെങ്കില്‍ എല്ലാവരും കൂടി എത്രയുമ്പെട്ടന്ന് അതുപേക്ഷിക്കുകയല്ലേ വേണ്ടത്, അതല്ലേ പുരോഗമനപരം എന്ന നിഷ്‌കളങ്കമായ ചോദ്യം ചെയ്യുന്നതും അത് തന്നെ.

ജാതി എന്ന വ്യവസ്ഥ അത് നിലനില്‍ക്കുന്ന സമൂഹത്തിലെ മനുഷ്യരെ രണ്ടായി പിളര്‍ത്തുന്നു എന്ന് പൊതുവില്‍ പറയാം. അതായത് ഗുണഭോക്താക്കളും ഇരകളും. സവര്‍ണ്ണര്‍ അതിന്റെ ഗുണഭോക്താക്കളാണെങ്കില്‍ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ അതിന്റെ ഇരകളാണ്.

സഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്ന ഒരു പ്രക്രിയ എന്ന നിലയില്‍ ഈ വ്യവസ്ഥ അതിന്റെ ഗുണഭോക്താക്കള്‍ക്കും ഇരകള്‍ക്കും ഇടയില്‍ ഉണ്ടാക്കിയ അന്തരമാവട്ടെ കേവലം സാമ്പത്തികം മാത്രമല്ല, സാമൂഹ്യവും, സാംസ്‌കാരികവും രാഷ്ട്രീയവുമായി ജീവിതത്തിന്റെ സമസ്ത തുറകളെയും സ്പര്‍ശിക്കുന്ന ഒന്നും. വസ്തുതകള്‍ ഇങ്ങനെയായിരിക്കുമ്പോഴാണ് പെട്ടെന്ന് എങ്കില്‍ പിന്നെ ഈ തിന്മയെ നമുക്ക് ഒരുമിച്ച് ബഹിഷ്‌കരിക്കാം. ഇനി ജാതി വേണ്ട എന്ന ആഹ്വാനം വരുന്നത്.


Also Read:‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം 


ജാതിയെ നിലനിര്‍ത്തുന്നതെന്ത്?

ഇവിടെ ജാതിയെ നിലനിര്‍ത്തിപ്പോരുന്നതെന്ത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. അതിനോടുള്ള അതിലളിതവല്‍ക്കരിക്കപ്പെട്ട ഒരു സമീപനമാണ് ”ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്” എന്ന നാരായണ ഗുരുവചനത്തിന് വിപരീതമായി അതൊക്കെ ചെയ്യുന്നത്, അല്ലെങ്കില്‍ അതും കൂടിയാണ് ഇന്നത്തെ സമൂഹത്തില്‍ ജാതിയെ നിലനിര്‍ത്തിപ്പോരുന്നത് എന്ന, ഇന്ന് പല പുരോഗമനവാദികള്‍ക്കിടയിലും ഏറെ പ്രചാരത്തിലുള്ള ഉത്തരം പ്രതിനിധീകരിക്കുന്നത്.

ഇതിലേയ്ക്ക് വന്നാല്‍ ഇന്ന് ജാതി ഔദ്യോഗികമായി തന്നെ ചോദിക്കപ്പെടുന്ന, പറയപ്പെടുന്ന മേഖല എവിടെയാണ്? മുഖ്യമായും വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെയുള്ളവ. എന്തിനിവിടെ ജാതി ചോദിക്കുന്നു? ചോദിച്ചാല്‍ തന്നെ ഉത്തരം പറയുന്നു? അതിലൂടെ ജാതി ചിന്തിക്കാന്‍ ഇടം കൊടുക്കുന്നു എന്നതാണ് നിഷ്‌കളങ്കമായ ചോദ്യം.

എം.ബി രാജേഷ്, വി.ബി രാജേഷ്, ബല്‍റാം തുടങ്ങിയ യുവനേതാക്കള്‍ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ക്കുകയും ജാതിക്കോളത്തില്‍ ഇല്ല എന്ന് ചേര്‍ക്കുകയും ചെയ്തതോടെയാണല്ലോ ഈ വിഷയം വീണ്ടും ചര്‍ച്ചയാവുന്നത്. എം.പി, എം.എല്‍.എ എന്ന നിലയില്‍ പ്രിവിലെജ്ഡായ ഒരു വ്യക്തിസ്ഥലത്തുനിന്ന് ജാതി ചോദിക്കില്ല, പറയില്ല, ചിന്തിക്കില്ല എന്ന നിലപാട് അവര്‍ എടുത്തത് മാതൃകാപരം തന്നെ.

ജാതി എന്ന സാമൂഹ്യതിന്മയ്‌ക്കെതിരേയുള്ള തങ്ങളുടെ വിമര്‍ശനം, വിയോജിപ്പ് പ്രതീകാത്മകമായി രേഖപ്പെടുത്തുന്ന ഒരു പ്രവൃത്തി എന്ന നിലയില്‍ അത് പുരോഗമനപരവും തന്നെ. എന്നാല്‍ ആ വ്യക്തിപരിസരത്തിന് പുറത്ത് ഇത് എല്ലാവരും അനുവര്‍ത്തിക്കേണ്ടുന്ന ഒരു മാതൃകയാണെന്ന് പറയാനാവില്ല എന്ന് മാത്രം.

സ്‌കൂള്‍ രജിസ്റ്ററിലെ ജാതിക്കോളത്തില്‍ ജാതിയില്ല എന്ന് രേഖപ്പെടുത്തുക എന്നത് ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ലേയ്ക്കുള്ള വഴിയാണെന്ന് പറയരുത്. കോളത്തില്‍ ഇല്ലെന്ന് രേഖപ്പെടുത്തുന്നതുകൊണ്ട് മാത്രം ഇല്ലാതാവാന്‍ പോന്നത്ര ദുര്‍ബലമായ വേരുകള്‍ അല്ല അതിനുള്ളത്.

സ്‌കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ നോക്കിയല്ലല്ലോ നാട്ടുകാര്‍ ജാതീയ വിവേചനങ്ങള്‍ നടപ്പിലാക്കുന്നത്. അതിന് അവര്‍ക്ക് വേറേ വഴികളുണ്ട്. അതുകൊണ്ട് കേവലമായ ജാതി ചോദിക്കലും, പറയലും ചിന്തിക്കലുമല്ല ജാതിയെ നിലനിര്‍ത്തുന്നത്.

ഗുരു എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നറിയാന്‍ അതിന്റെ പശ്ചാത്തലം പരിശോധിക്കണം. ആരോട് പറഞ്ഞു എന്നത് പരിശോധിക്കണം. എന്നിട്ട് അതിന്റെ അടിസ്ഥാനത്തില്‍ വേണം ആ വാചകത്തെ മനസിലാക്കാന്‍, അല്ലാതെ കോണ്ടക്സ്റ്റില്‍ നിന്ന് അടര്‍ത്തി സാമാന്യവല്‍ക്കരിക്കുകയല്ല വേണ്ടത്.

ഗുരു ഇത് പറഞ്ഞ പശ്ചാത്തലം അന്വേഷിച്ച് ഗുരുസാഹിത്യം മുഴുവന്‍ വായിക്കേണ്ടതുമില്ല. സാമാന്യബുദ്ധികൊണ്ട് തന്നെ അത് എന്തായാലും ദളിതരോടാകാന്‍ ഇടയില്ല എന്ന് അനുമാനിക്കാം. ജാതി പറഞ്ഞുനടക്കുന്നവരോടാകണമല്ലോ അത് പാടില്ല എന്ന് ഗുരു പറഞ്ഞത്. ‘ ദൃഷ്ടിയില്‍ പെട്ടാലും കുറ്റമുള്ളോര്‍” ആരോട് ജാതി പറയാന്‍?

പറഞ്ഞില്ലെങ്കില്‍ ആര്‍ക്ക് പോയി…!

മുഖ്യമായും വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെയുള്ള മേഖലകളിലാണ് ഈ ജാതി ചോദിക്കലും പറയലും ഔദ്യോഗികമായി നടക്കുന്നത് എന്ന് കണ്ടുവല്ലോ. എന്തിനാണിത്? ജാതിയനുസരിച്ച് തീണ്ടാപ്പാടകലം കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനായല്ല സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത് നടക്കുന്നത് എന്നെങ്കിലും വിമര്‍ശകരും സമ്മതിക്കുമെന്ന് കരുതുന്നു.

അതും ഒരു വഴിയായി കാണുന്ന അദ്ധ്യാപക, അനദ്ധ്യാപക വൃന്ദങ്ങള്‍ വ്യക്തിതലത്തില്‍ ഉണ്ടാവാം. എന്നാല്‍ അതല്ല, സവരണമാണ് ഇതൊരു ഔദ്യോഗിക ആവശ്യമാക്കുന്നത് എന്ന് സാമാന്യ ബുദ്ധിയില്‍ മനസിലാകും.


Don’t Miss: ‘അയ്യേ.. അയ്യയ്യേ..’ മക്കളെ ജാതിയില്ലാതെ സ്‌കൂളില്‍ ചേര്‍ത്തെന്നു ഫേസ്ബുക്കില്‍ കുറിച്ച ബല്‍റാമിനെയും എം.ബി രാജേഷിനെയും വിമര്‍ശിച്ച് രൂപേഷ് കുമാര്‍: മറുപടിയുമായി വി.ടി ബല്‍റാം


ജാതീയമായ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്‌കൂള്‍ രജിസ്റ്ററിലെ ജാതി പോര, അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം എന്നിരിക്കെ എന്തിന് ഇങ്ങനെ ഒരു കോളം എന്നൊരു സംശയവും ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ആരോ ഉന്നയിച്ച് കണ്ടു.

സ്‌കൂള്‍ അഡ്മിഷന്‍ എന്നത് ഒരു അപേക്ഷയായി കരുതിയാല്‍ അതില്‍ ഞാന്‍ ഇന്ന ജാതിയില്‍പ്പെടുന്നു എന്നത് എന്റെ അപ്പനമ്മമാരെയും ജനനതീയതിയെയും, ദേശീയതയെയും ഒക്കെപ്പോലെ ഒന്നാണ്. പ്രായപൂര്‍ത്തിയായില്ല എന്നതിനാല്‍ ആ വ്യക്തിഗത സത്യവാങ്മൂലത്തില്‍ രക്ഷകര്‍ത്താവ് ഒപ്പുവയ്ക്കുന്നു എന്നേ ഉള്ളു.

പതിനഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ സംസ്ഥാന കബഡി ടീമില്‍ ഇടം പിടിച്ചാല്‍ പ്രായം തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരും. അതുകൊണ്ട് സ്‌കൂള്‍ റെജിസ്റ്ററില്‍ ജനന തിയതി അനാവശ്യമാണെന്ന് ആരെങ്കിലും പറയുമോ?

അപ്പൊഴും ഉണ്ടാവും മറുപടി. ജനന തിയതി പൊതുവിലുള്ള ഒന്നാണ്. അതില്‍ ജാതി പോലെ മനുഷ്യരെ വേര്‍തിരിക്കുന്ന ഒരു ഘടകം ഇല്ല എന്ന്. പക്ഷേ അതിന്റെയും യുക്തി ചെന്നെത്തുന്നത് ഇനിയും എന്തിന് മനുഷ്യരെ വേര്‍തിരിക്കണം, നമുക്ക് ജാതി എന്ന ഏര്‍പ്പാട് ഔദ്യോഗികമായി തന്നെ നിര്‍ത്തിക്കൂടെ എന്നതിലാവും. അതായത് ഇനിയെങ്കിലും നമുക്ക് ജാതി ചോദിക്കാതെയും പറയാതെയും ഇരുന്നുകൂടേ? എത്ര നിഷ്‌കളങ്കമായ ഒരു ചോദ്യമാണിത്? എത്ര പുരോഗമനപരം. പക്ഷേ അത് സൗകര്യപൂര്‍വ്വം കണ്ടില്ല എന്ന് നടിക്കുന്നത് ഈ ചോദ്യമാണ്-

സംവരണ വിരുദ്ധര്‍ തന്ത്രപൂര്‍വ്വം പുരോഗമന പരവും, മാനവികതാബന്ധിയുമായ ഭാഷ്യങ്ങളാല്‍ തമസ്‌കരിച്ച് പോരുന്നത്. പറഞ്ഞില്ലെങ്കില്‍ ആര്‍ക്ക് പോയി എന്നതാണാ പത്തരമാറ്റ് ചോദ്യം.

സാമ്പത്തിക സംവരണവാദത്തിന്റെ മാറ്റൊലി

സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഉച്ചനീചത്വങ്ങളുടെ സഹസ്രാബ്ദങ്ങള്‍ നീണ്ട ഒരു ചരിത്രത്തിന്റെ ഇങ്ങേയറ്റത്താണ് അതിനെതിരേ ഒരു ഉണര്‍വ്വും പരിഹാര ശ്രമങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ അതുണ്ടായി ഒരുപാടൊന്നും കഴിയുന്നതിന് മുമ്പേ നമ്മള്‍ ചര്‍ച്ച ചെയ്ത് വരുന്ന മറുവാദവും ഉണ്ടായി. അതായത് ജാതി എന്ന തിന്മയെ നമുക്ക് ഉപേക്ഷിക്കാം. എന്നിട്ട് മനുഷ്യപക്ഷത്തേയ്ക്ക് വരാം.

മനുഷ്യര്‍ക്ക് എല്ലാവര്‍ക്കും ഉണ്ടാകുന്ന ദാരിദ്ര്യത്തിനെ അടിസ്ഥാനത്തിലാക്കാം സംവരണവും. അപ്പോള്‍ പിന്നെ ജാതി ചോദിക്കേണ്ടിയും പറയേണ്ടിയും വരില്ലല്ലൊ എന്ന്. മന്നം ജാതിവാല്‍ മുറിച്ച കഥയൊക്കെ നമുക്കറിയാം. അദ്ദേഹം ഈഴവരെ നിന്ദിച്ചുകൊണ്ട് നടത്തിയ പ്രസംഗവും, എന്നാലും ഇതൊക്കെ വിശ്വസിക്കണം!

നീതി പൂര്‍ണ്ണമായും സമഗ്രമായും പുനസ്ഥാപിക്കുന്നതിന് മുമ്പേയുള്ള ‘ സ്റ്ററ്റാസ്‌ഘോ’ നിലനിര്‍ത്തല്‍ ഒത്തുതീര്‍പ്പുകള്‍ എന്നും പാര്‍ശ്വവല്‍കൃതര്‍ക്ക് നഷ്ടത്തിലേ കലാശിക്കു എന്ന് വ്യക്തം. ജാതിയല്ലേ ഉച്ചനീചത്വങ്ങള്‍ക്ക് കാരണം. സവര്‍ണ്ണരല്ലേ അതിന്റെ ഗുണഭോക്താക്കള്‍. ഞങ്ങളിതാ അത് വേണ്ടെന്ന് വച്ചിരിക്കുന്നു. അത്രയും ശരി. പുരോഗമനപരം. എന്നാല്‍ അതുകൊണ്ട് നിങ്ങളും ജാതിയെ വേണ്ടെന്ന് വയ്ക്കൂ എന്ന വാദം ഒരു കുടുക്കാണ്.

നൂറ്റാണ്ടുകള്‍ നീണ്ട ഒരു വ്യവസ്ഥ. അതിന്റെ ഗുണഭോക്താക്കളും ഇരകളും, അവരെ വേര്‍തിരിക്കുന്നത് ആ വ്യവസ്ഥയാണ്. അതിനെ ഒരുദിവസം അതിന്റെ ഗുണഭോക്താക്കള്‍ ഉപേക്ഷിക്കുന്നു, ഒപ്പം ഇതല്ലേ പുരോഗമനപരം എന്ന മാതൃക മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. അതനുവര്‍ത്തിക്കാത്തവര്‍ പുരോഗമന വിരുദ്ധരെന്ന ധ്വനി ബാക്കിയാകുന്നു. ഇതില്‍ കാര്യമൊന്നുമില്ല എന്ന് മാത്രമല്ല ഉള്ള കാര്യം ഒരട്ടിമറിയാണ് താനും.

സവര്‍ണ്ണന് ജാതിക്കോളം വേണ്ടന്ന് വയ്ക്കാം. കാരണം അതില്‍ നിന്ന് അവന് ഒരു ഔദ്യോഗിക ആനുകൂല്യവും കിട്ടാനില്ല. അനൗദ്യോഗിക ആനുകൂല്യങ്ങള്‍ക്കാണെങ്കില്‍ ഈ കോളത്തിലെ എന്‍ട്രി വേണമെന്നുമില്ല. ശരീരത്തിലും, ശരീരഭാഷയിലും തുടങ്ങി ബന്ധുത്വ പാരമ്പര്യം, ശീലങ്ങള്‍ തുടങ്ങിയ പല സൂക്ഷ്മ ഉപാധികളുമുണ്ട് തിരിച്ചറിവിന്.

അതായത് ഒരു പ്രിവിലെജും നഷ്ടമാകാതെ തന്നെ പൊതുമണ്ഡലത്തില്‍ ജാതി ഉപേക്ഷിച്ച പുരോഗമനവാദി എന്ന ഖ്യാതി ബോണസ്സും! എന്നാല്‍ അവര്‍ണ്ണനും, പിന്നോക്കകാരനും അതല്ല അവസ്ഥ. ഈ ലളിതമായ സത്യമാണ് എന്തുകൊണ്ട് എല്ലാവര്‍ക്കും ജാതിയെ ഉപേക്ഷിച്ച് മാതൃക കാട്ടിക്കൂട എന്ന് വ്യാക്ഷേപിക്കുന്ന നിഷ്‌കളങ്ക പുരോഗമനവാദികള്‍ക്ക് മനസിലാവാത്തത്. മനസില്‍ പോലും കരുതാത്ത കാര്യമാണെങ്കിലും അവര്‍ ഫലത്തില്‍ പ്രതിഫലിപ്പിക്കുന്നത് സാമ്പത്തിക സംവരണവാദത്തിന്റെ സാംസ്‌കാരിക യുക്തികളാണെന്ന്.

ജാതിയുണ്ടാക്കിയ ക്ഷീണം അത് ഉണ്ടുപേക്ഷിച്ചാല്‍ തീരില്ല

ജാതിയാണ് പ്രശ്‌നമെങ്കില്‍ അത് നമുക്ക് ഉപേക്ഷിക്കാം, വരൂ, അണിചേരൂ എന്നൊക്കെത്തന്നെയാണ് കേരളത്തിലെയെങ്കിലും സംഘപരിവാരത്തിന്റെയും മുദ്രാവാക്യം. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന ഗുരുവാചകത്തെ പല തലങ്ങളില്‍ വലിച്ച് നീട്ടി ഫലത്തില്‍ ജാതിസംവരണത്തിനെതിരായ ഒരു പൊതുബോധ നിര്‍മ്മിതിയില്‍ സാംസ്‌കാരിക അദ്ധ്വാനമായിതീരുന്ന വാദങ്ങള്‍ പക്ഷേ സംഘികളുടേത് മാത്രമല്ല എന്നതാണ് വിചിത്രം. അതില്‍ ജാതി എന്ന ഭൗതീക യാഥാര്‍ത്ഥ്യത്തെ കേവലമായി സമീപിക്കുന്ന ഇടതരും, യുക്തിവാദികളും, മതേതര വാദികളും, പുരോഗമന വാദികളും ഒക്കെ പെട്ടുപോകുന്നുണ്ട്.

മറുവശത്ത് സ്വത്വ വാദികളില്‍ പലരുമാവട്ടെ ഇത് ചൂണ്ടിക്കാട്ടി ദളിതര്‍ക്ക് ഇനി ആകെ മോചനം പാന്‍ ഇസ്‌ളാമിസ്റ്റുകള്‍ വഴിയേ ഉണ്ടാകു എന്നും സ്ഥാപിക്കുന്നു.

ഇവര്‍ ചുരുങ്ങിയത് ഒരു കാര്യം ഓര്‍ക്കണം. പഴയ തീണ്ടാപ്പാടകലവും, ഉപ്പ് പാടില്ല കയ്ക്കുന്നതെന്ന് പറയണമെന്ന നിയമവുമൊക്കെ പ്രത്യക്ഷമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സഘിയും ഇന്ന് കേരളത്തില്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല അവര്‍ക്കിടയില്‍ നിരീശ്വരവാദികള്‍ വരെ ഉണ്ടാകാം.

എന്നാല്‍ ജാതി സംവരണമെന്ന അംബേദ്കറിയന്‍ ആശയത്തെ അംഗീകരിക്കുന്നവര്‍ കാണില്ല. സംവരണം ജാതിയെയും അതുവഴി ജാതീയ ഉച്ചനീചത്വങ്ങളെയും സ്ഥാപനവല്‍ക്കരിക്കുന്നു എന്നുവരെ അവര്‍ പറഞ്ഞുകളയും. പക്ഷേ എന്തിന്? ജാതിസംവരണം എന്ന ആശയം എടുത്തുകളഞ്ഞ സ്വന്തം പ്രിവിലെജുകളെ ഏതുവഴിയെങ്കിലും പുനസ്ഥാപിക്കുകയാണ് ലക്ഷ്യം. അതിന് അവര്‍ പിന്നോക്ക, ദളിത് വിഭാഗങ്ങളോടൊക്കെയും കെഞ്ചും, നമുക്ക് ജാതി ഉപേക്ഷിക്കാമെന്ന്. കാരണം ജാതിയില്‍നിന്ന് അവര്‍ക്കിനി ഒന്നും കിട്ടാനില്ല. ഇനി വര്‍ഗ്ഗ സിദ്ധാന്തത്തെ പിടിക്കാം എന്നാണ്.

കേരളത്തിലെ സാമ്പത്തിക സംവരണവാദത്തിന്റെ വന്‍ വക്കീലന്മാരായ എന്‍.എസ്.എസാണെങ്കില്‍ പണ്ടുമുതല്‍ക്കേ സമദൂര സിദ്ധാന്തമാണ് വലത് ഇടത് പക്ഷങ്ങളോട് പുലര്‍ത്തുന്നതും. അതായത് സമദൂരമായാലും ചില ദൂരങ്ങള്‍ മറ്റേതിനെക്കാള്‍ അടുത്താവാം, അതുകൊണ്ട് വര്‍ഗ്ഗ സിദ്ധാന്തം വഴി ആയാലും സാമ്പത്തിക സംവരണത്തെ ചെക്ക് പോസ്റ്റ് കടത്തിവിട്ടാല്‍ ദൂരം അടുക്കാം എന്നതാണ് വിലപേശല്‍. ഇതൊക്കെയും പൊതുവില്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ആശങ്കയുണ്ട്. എന്താണത്?

 

ഉത്തരം ലളിതമാണ്. എന്നും പ്രിവിലേജ്ഡ് ആയി ജീവിച്ച ചരിത്രമുള്ള സവര്‍ണ്ണ ഹിന്ദുക്കള്‍ അവരുടെ ചരിത്രത്തില്‍ ആദ്യമായി മറിച്ചൊന്ന് അനുഭവിക്കുന്നത് ജാതി സംവരണമെന്ന ഔദ്യോഗിക സംവിധാനത്തിലൂടെയാണ്. അതിനെക്കുറിച്ച് അവര്‍ക്ക് ആശങ്കകളേ ഉള്ളു. വ്യവസ്ഥയില്‍ തങ്ങള്‍ക്കുള്ള സ്വാധീനവും അമിത പ്രാതിനിദ്ധ്യവും ഉപയോഗിച്ച് ആവും വിധം അവര്‍ അതിനെ നിലവില്‍ തന്നെ അട്ടിമറിച്ച് പോരുന്നുണ്ട്. എന്നിട്ടും അത് അവസാനിക്കുന്നില്ല. മറ്റ് ഭാഷ്യങ്ങള്‍ അവര്‍ തേടുന്ന സാഹചര്യത്തില്‍ അതിനനുകൂലമാകുന്ന ഒരു നിലപാടുമെടുക്കാതിരിക്കാന്‍ രാജ്യത്തെ പുരോഗമന പക്ഷത്ത് നില്‍ക്കുന്നതെന്ന് വിചാരിക്കുന്ന, അതിനാഗ്രഹിക്കുന്ന സമൂഹം ജാകരൂകരാകേണ്ടതുണ്ട്.

എങ്ങനെയീ ജാഗ്രത

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെടുകയും ഇവരെ നേരിടാനല്ല രാജ്യത്തെ ആഭ്യന്തര ശത്രുക്കളെ നേരിടാനാണ് കരുത്ത് സംഭരിക്കേണ്ടത് എന്ന് പ്രചരിപ്പിക്കുകയും ചെയ്ത ഒരു സംഘടന രാജ്യത്തിന്റെ പരോക്ഷ ഭരണതലത്തില്‍ എത്തുമ്പോള്‍ ഇത്തരം അടിസ്ഥാന വിഷയങ്ങളിലും ചര്‍ച്ചകള്‍ എന്നത് നമുക്ക് അഫോഡ് ചെയ്യാനാവാത്ത ഒരു ആഡംബരമാണ്.

എം.ബി, വി.ബി രാജേഷുമാര്‍, ബല്‍റാം എന്നിവര്‍ ജാതിക്കോളത്തില്‍ മക്കള്‍ക്ക് ജാതിയില്ല എന്ന് രേഖപ്പെടുത്തിയതിനെ കേവല മാതൃകയായെടുത്താല്‍ എല്ലാവരും അത് പിന്തുടരണം എന്നതാണ് വിവക്ഷ. അങ്ങനെയെങ്കില്‍ അത് ജാതി എന്ന വ്യവസ്ഥ സൃഷ്ടിച്ച അതിന്റെ ഗുണഭോക്താക്കള്‍, ഇരകള്‍ എന്ന വിച്ഛേദത്തെ റദ്ദ് ചെയ്യുന്നു എന്നതാണ് പ്രശ്‌നം. അങ്ങനെ അവര്‍ പറഞ്ഞതായി എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഈ ചര്‍ച്ചയില്‍ നിന്ന് തങ്ങളുടെ വ്യക്തിപരിസരത്തിന്റെ പരിധിയില്‍ നിന്ന് പ്രതീകാത്മകമായ ഒരു പോസീറ്റീവ് സ്റ്റെപ് എടുത്ത അവരെ ഒഴിവാക്കുകയാണ്. ഉപസംഹാരം അവരുടെ പ്രവൃത്തിയെ അതിന്റെ പരിധിയില്‍നിന്ന് അടര്‍ത്തി സാമാന്യവല്‍ക്കരിക്കുന്നവരോടുള്ളതാണ്.

ജാതി സംവരണവും സാമ്പത്തിക സംവരണവുമെന്നിങ്ങനെ രണ്ട് ആശയങ്ങള്‍, പ്രവൃത്തി പദ്ധതികള്‍ തങ്ങളുടേതാണ് മനുഷ്യന്റെ സമഗ്ര വികസനത്തിന് സാധുവായ മാര്‍ഗ്ഗം എന്ന് വാദിക്കുന്ന ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് ജാതിയെ ഉപേക്ഷിക്കുക എന്ന വാദം ഉയരുന്നത്.

അത് ഫലത്തില്‍ സാമ്പത്തിക സംവരണത്തിനനുകൂലമായ ഒരു സാംസ്‌കാരിക യുക്തിയായി തീരുകയാണ്. ഇവിടെ നിങ്ങള്‍ അതല്ല ഉദ്ദേശിക്കുന്നത് എന്നതൊന്നും പ്രസക്തമല്ല. ചര്‍ച്ചയും അതിന്റെ അജണ്ടയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സെറ്റ് ചെയ്യപ്പെട്ടവയാണെന്ന് തിരിച്ചറിയണം. ആ ജാഗ്രതയില്‍ നിന്ന് വേണം ഓരോ പ്രതികരണവും.

എ.കെ.ജി തൊട്ട് ഭഗത് സിങ്ങിനെ വരെ അവര്‍ സ്വപക്ഷത്താക്കി. സ്വാതന്ത്ര്യ സമര സേനാനികളില്‍ അയിത്തം കല്പിച്ച് അവര്‍ മാറ്റിനിര്‍ത്തുന്ന ഒരേ ഒരാള്‍ ഒരു രീതിയിലും വഴങ്ങാത്തവണ്ണം എഴുത്തുകളിലൂടെയും, നിലപാടുകളിലൂടെയും സ്വയം ആവിഷ്‌കരിച്ച ആധുനികനായ നെഹറുവാണ്.

എത്ര വ്യാഖ്യാനിച്ചാലും ജനമദിനം ആഘോഷിച്ചാലും തങ്ങളുടെ പ്രത്യയശാസ്ത്രത്തിലേക്ക് തട്ടികയറ്റിയാല്‍ മുഴച്ചുനില്‍ക്കുന്നത് ആധുനികനായ അംബേദ്കറും. പോസ്റ്റ് മോഡേണ്‍ ലളിതയുക്തികള്‍ ചെയ്യുന്നത് തങ്ങളുടെ കാലത്തെ സാംസ്‌കാരിക തിരിച്ചറിവുകളെ സാര്‍വ്വകാലികമായി വിലയിരുത്തുക. എന്നിട്ട് അത് ഏതെങ്കിലും വിഭാഗത്തിന് ചരിത്രപരമായ കാരണങ്ങളാല്‍ അഫോര്‍ഡ് ചെയ്യാനാവില്ല എന്ന് പറഞ്ഞാല്‍ അതിനെ അവരുടെ ഏജന്‍സി നിരാസമായി വിലയിരുത്തുക എന്നതാണ്. ഈ വിഷയത്തില്‍ അതിന്റെ ഏറ്റവും പ്രകടമായ ആവിഷ്‌കാരം അപ്പോള്‍ സവര്‍ണ്ണനേ ജാതി ഉപേക്ഷിച്ച് പുരോഗമനവാദിയാകാന്‍ പറ്റൂ, അവര്‍ണ്ണന് അതിനുള്ള ബുദ്ധിയും വിവരവുമൊന്നുമില്ല, അവര്‍ എന്നും മണ്ടന്മാരായി തുടരും അല്ലേ എന്ന പ്രത്യക്ഷത്തില്‍ ദളിത് പക്ഷം നില്‍ക്കുന്നത് എന്ന് തോന്നിക്കുന്ന സംവരണ വിരുദ്ധ പരിഹാസത്തില്‍ കാണാം. അത് ഉന്നയിക്കുന്നത് സംഘികള്‍ മാത്രമല്ല എന്നതുകൊണ്ടാണ് ജാഗ്രത വേണമെന്ന് വീണ്ടും പറയുന്നത്.

അല്ലാതെ സംഘികളോട് സംസാരിക്കാനായി ആര് ലേഖനം എഴുതാന്‍?

Advertisement