Categories

‘വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍’

സുരാജ് പിവി

കൈക്കുഴകൊണ്ട് ക്രീസില്‍ കവിത രചിക്കുന്നവന്‍- അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെങ്കിപ്പുറപ്പ് വെങ്കിടപതി സായ് ലക്ഷ്മണ്‍ അറിയപ്പെടുന്നത് ഇങ്ങിനെയാണ്. നിര്‍ണായകഘട്ടങ്ങളില്‍ ടീം ഇന്ത്യയുടെ രക്ഷനാവും എന്ന വിശ്വാസം ലക്ഷ്മണ്‍ ഇത്തവണയും തെറ്റിച്ചില്ല. മൊഹാലിയില്‍ ഇന്ത്യയെ പരാജയം തുറിച്ചുനോക്കിയപ്പോള്‍ വാലറ്റക്കാരെയും കൂട്ടുപിടിച്ച് ലക്ഷ്മണ്‍ നടത്തിയ പോരാട്ടം അവിസ്മരണീയമായിരുന്നു.

സച്ചിന്‍, ധോണി തുടങ്ങിയവരെല്ലാം ആസ്‌ട്രേലിയന്‍ ബൗളിംഗിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ ലക്ഷ്മണ്‍ മാത്രമായിരുന്നു ക്രീസില്‍ പിടിച്ചുനിന്നത്. ആസ്‌ട്രേലിയക്കെതിരേ കളിക്കുമ്പോഴെല്ലാം ഈ താരം പുറത്തെടുക്കുന്ന മികച്ച ഫോം മൊഹാലിയിലും ഇന്ത്യയെ തുണച്ചു. ഒമ്പതാം വിക്കറ്റില്‍ പേസര്‍ ഇഷാന്ത് ശര്‍മയെ കൂട്ടുപിടിച്ച് നടത്തിയ 81 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യന്‍ ബാറ്റിംഗിന്റെ മധ്യനിരയില്‍ എന്നും വിശ്വസ്തനായി ഈ ഹൈദരാബാദുകാരനുണ്ടായിരുന്നു. നിര്‍ണായക മല്‍സരങ്ങളിലെല്ലാം തന്റെ പ്രതിഭവെളിപ്പെടുത്തുന്ന പ്രകടനം ലക്ഷ്മണില്‍ നിന്നുമുണ്ടായി.

2001 ല്‍ ആസ്‌ട്രേലിയക്കെതിരേ ലക്ഷ്മണ്‍ നേടിയ ചരിത്ര ഇന്നിംഗ്‌സ് സുവര്‍ണലിപികളിലാണ് രേഖപ്പെടുത്തിയത്. ഓസ്‌ട്രേലിയക്കെതിരേ ഫോണോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ഇന്ത്യക്കുവേണ്ടി ലക്ഷ്മണ്‍ നേടിയത് 281 റണ്‍സ്.ഏതൊരിന്ത്യക്കാരന്റേയും ഏറ്റവും മികച്ച പ്രകടനമായി ക്രിക്കറ്റ് ലോകം അതിനെ വിശേഷിപ്പിച്ചു.

ഓഫ്‌സൈഡില്‍ പിച്ച്‌ചെയ്യുന്ന പന്തുകളെ ബൗണ്ടറിയിലേക്ക് ഡ്രൈവ് ചെയ്യുന്ന നയനാന്ദകരമായ കാഴ്ച്ച ലക്ഷ്മണ്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക സമ്മാനിച്ചു. കഴിഞ്ഞമാസം കൊളംബോയില്‍ ശ്രീലങ്കക്കെതിരേ നടന്ന ടെസ്റ്റിലും ലക്ഷ്മണിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മികച്ച് ക്ലാസ് ബാറ്റ്‌സ്മാനാണെങ്കിലും റെക്കോര്‍ഡ് ബുക്കുകളില്‍ ലക്ഷ്്മണ്‍ ഇപ്പോഴും പിന്നിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്മണിന് വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ടോ എന്ന കാര്യവും സംശയമാണ്. ഏകദിന ക്രിക്കറ്റിന് കൊള്ളാത്തവന്‍ എന്ന മുദ്രയായിരുന്നു ലക്ഷ്മണിന് ചാര്‍ത്തിക്കിട്ടിയത്. ഐ പി എല്ലില്‍ ഡെക്കാണ്‍ ചാര്‍ജിനേഴ്‌സിനായി നടത്തിയ ദയനീയ പ്രകടനങ്ങളും ഈ ആരോപണം അടിവരയിടുന്നു.

എന്നാല്‍ ഒന്നോ രണ്ടോ മല്‍സരങ്ങളില്‍ പ്രകടനം മോശമാവുമ്പോഴേക്കും ലക്ഷ്മണ്‍ വീണ്ടും ടീമിനു പുറത്താകും. എന്നാല്‍ എല്ലാ വിമര്‍ശനത്തെയും ലക്ഷ്മണ്‍ കുതിക്കുകയാണ്, ടീം ഇന്ത്യക്ക് ഇനിയും ചില ‘വെരി വെരി സ്‌പെഷല്‍’ വിജയങ്ങള്‍ സമ്മാനിക്കാന്‍.

One Response to “‘വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍’”

  1. unise

    dont forget dravid. vvs & dravid- these are the performers of indian cricket.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.