തിരുവനന്തപുരം: വി.വി രമേശനെ ഡി.വൈ.എഫ്.ഐ ട്രഷറര്‍ സ്ഥാനത്തുനിന്നും മാറ്റി. ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രമേശനെ നീക്കിയിട്ടുമുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് നടപടി. സി.പി.ഐ.എം കാസര്‍കോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ രമേശനെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

മകളുടെ എന്‍.ആര്‍.ഐ സീറ്റിലെ പ്രവേശനം വിവാദമായതിനെ തുടര്‍ന്ന് സീറ്റ് വേണ്ടെന്നു വെക്കുകയാണെന്ന് രമേശന്‍ പ്രഖ്യാപിച്ചിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാറിനെതിരെ സി.പി.ഐ.എമ്മും മറ്റ് ഇടത് സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ രമേശന്‍ വിവാദം പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

രമേശന്‍ വിഷയത്തില്‍ ആദ്യം നിസ്സംഗത പുലര്‍ത്തിയ ഔദ്യോഗിക പക്ഷം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. രമേശനെതിരെ കാസര്‍കോഡ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.