കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച വുവുസേല രോഗങ്ങള്‍ പരത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് . വുവുസേല ഊതുന്നതുവഴി അന്തരീക്ഷത്തില്‍ കലരുന്ന ദ്രാവകരൂപത്തിലുള്ള വസ്തുക്കള്‍ രോഗം ഉണ്ടാക്കുന്നതിന് കാരണമാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

സാധാരണ ഫളൂ മുതല്‍ അപകടകരമായ ക്ഷയം, വസൂരി എന്നീ രോഗങ്ങള്‍ക്കുവരെ ഈ വുവുസേല കാരണമായേക്കാം. ധാരാളം ആളുകള്‍ ഒത്തുചേരുന്നിടത്തോ സ്‌റ്റേഡിയങ്ങളിലോ വുവുസേല ഉപയോഗിക്കന്നത് രോഗങ്ങള്‍ പരത്തുന്നതിന് കാരണമാകുന്നുണ്ടെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ വിദഗ്ധ സംഘം കണ്ടെത്തി.

നിരവധി ആളുകളെക്കൊണ്ട് ഈ പ്ലാസ്റ്റിക് ഉപകരണം ഊതിപ്പിച്ചാണ് സംഘം പരിശോധന നടത്തിയത്. കുട്ടികള്‍ക്കുള്ള കളിപ്പാട്ടമായിട്ടാണ് വുവുസേല വിപണിയിലെത്തിയത്. എന്നാല്‍ ലോകകപ്പോടുകൂടി ഇത് ലോകശ്രദ്ധ നേടുകയായിരുന്നു.