എഡിറ്റര്‍
എഡിറ്റര്‍
നികൃഷ്ടജീവി പ്രയോഗം: വി.ടി ബല്‍റാം ഖേദം പ്രകടിപ്പിച്ചു
എഡിറ്റര്‍
Monday 17th March 2014 5:06pm

vt-balram

പാലക്കാട്: ഇടുക്കി ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗം നടത്തിയതില്‍ ഖേദമറിയിച്ച് വി.ടി. ബല്‍റാം.

തിരഞ്ഞെടുപ്പില്‍ ബിഷപ്പിന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ചതിനാണ് വി.ടി ബല്‍റാം എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വിവാദമായ പ്രസ്താവന നടത്തിയത്.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സംഭവം വിവാദമായതോടെ നികൃഷ്ടജീവി പ്രയോഗത്തിന് മറുപടിയുമായി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പുതിയ പോസ്റ്റിട്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലെ പോസ്റ്റുകള്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അതിന് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളുമായി ബന്ധമുണ്ടാണമെന്നില്ലെന്നുമാണ് ബല്‍റാമിന്റെ വിശദീകരണം.

മാത്രമല്ല അത് തന്റെ ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്‌സിനും പങ്കുവെക്കാനുദ്ദേശിച്ചുള്ളതുമാണ്. ആയതിനാല്‍ ആരെയും പ്രത്യേകമായി പേരെടുത്ത് പറയാതെ ചില മനോഭാവങ്ങളെ മാത്രം ഉദ്ദേശിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിലെ ഒരു വാക്കില്‍ കയറിപ്പിടിച്ച് വിവാദമാക്കുകയായിരുന്നു, ബല്‍റാം തുടരുന്നു.

തന്റെ അഭിപ്രായത്തിലെ ആശയങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അംഗീകാരം ലഭിച്ചുവെങ്കിലും പ്രത്യേക പദപ്രയോഗത്തില്‍ ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ഖേദിക്കുന്നു എന്നു മാത്രമാണ് ബല്‍റാം പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്.

vt-balram-fb-post

അതേസമയം കോണ്‍ഗ്രസുകാരന്റെ പദാവലിയില്‍ ‘നികൃഷ്ടജീവി’ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പരാമര്‍ശം എടുത്തു പറയാതെയാണ് മുഖ്യമന്ത്രി ഈ അഭിപ്രായം ഉന്നയിച്ചത്.

പിന്തുണക്കുന്നവര്‍ക്ക് വിമര്‍ശിക്കാനും അവകാശമുണ്ട്. വിമര്‍ശനത്തില്‍ ശരിയുണ്ടെങ്കില്‍ തിരുത്തണം. തന്നെ പല കാലങ്ങളിലായി കൂടെ നില്‍ക്കുന്നവര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അത് തന്നെ ബലഹീനനാക്കാനാണെന്ന് തോന്നിയിട്ടില്ലെന്നും തെറ്റു തിരുത്താനും ശക്തി പകരാനുമാണ് അത് ഉപകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യപ്പെടരുതാത്തവരായി ആരുമില്ല. അസഹിഷ്ണുത പുലര്‍ത്തിയാല്‍ ഇന്ന് സി.പി.എം അനുഭവിക്കുന്നത് നാളെ കോണ്‍ഗ്രസിനും സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement