തിരുവനന്തപുരം: സ്വകാര്യആശുപത്രിയിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ബില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് സ്പീക്കറുടെ വിമര്‍ശനം. നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് നോട്ടീസ് നല്‍കിയ ഒരു സ്വകാര്യ ബില്‍ പൊതുജനസമക്ഷത്തിലേക്ക് വിട്ടതാണ് ബല്‍റാമിന് വിനയായത്.

ബല്‍റാമിന്റെ നടപടിയില്‍ സ്പീക്കര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിയമസഭയില്‍ പുതിയ അംഗമായതിനാലാണ് നടപടിയെടുക്കാത്തതെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്നതിനാലാണ് ബല്‍റാമിനെതിരെ സ്പീക്കര്‍ നടപടിയെടുക്കാതിരുന്നതെന്ന ആക്ഷേപമുയരുന്നുണ്ട്.

ഏതൊരു ബില്ലും പൊതുജനാഭിപ്രായം തേടാന്‍ വിടണമെങ്കില്‍ നിയമം അനുശാസിക്കുന്ന ചില നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെയാണു ബല്‍റാം സ്വകാര്യ ബില്ലിന്റെ കരട് ഫേസ് ബുക്കില്‍ ചര്‍ച്ചയ്ക്കായി പ്രസിദ്ധപ്പെടുത്തിയതെന്നാണ് ആക്ഷേപം. സ്പീക്കറുടെ ഓഫിസിന്റെ അനുമതിയോടെയാണ് ഇതു ചെയ്തതെന്ന് എം.എല്‍.എ അവകാശപ്പെടുന്നുണ്ടെങ്കിലും സ്പീക്കറുടെ ഓഫീസ് ഇത് നിഷേധിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണു ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കരട് ബില്ല്. ഇതിനകം നൂറിലേറെ കമന്റുകള്‍ ഇതിനു കിട്ടിക്കഴിഞ്ഞു. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നതാണു കരട് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം. അവതരണാനുമതി തേടിയിട്ടില്ലാത്ത കരട് ബില്ലാണു പൊതുജനാഭിപ്രായം തേടാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യത പ്രയോജനപ്പെടുത്തി പുറത്തുവിട്ടത്. സുപ്രധാനമായ പല നിര്‍ദേശങ്ങളും ഫേസ്ബുക്ക് വഴി കിട്ടുമെന്നാണു ബല്‍റാം പ്രതീക്ഷിക്കുന്നത്.

സഭയില്‍ സ്വകാര്യബില്ലിന്റെ കരട് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി അവതരണാനുമതി പ്രമേയം അവതരിപ്പിച്ചു പാസാക്കണം. സ്വകാര്യബില്‍ പാസാക്കുന്നതു പൊതുവെ ഭരണപക്ഷം അനുകൂലിക്കാറില്ല. അവതരിപ്പിച്ച ആള്‍ തന്നെ പ്രമേയം പിന്‍വലിക്കുകയോ, സഭ വോട്ടിനിട്ടു തള്ളുകയോ ആണ് പതിവ്.

ഈ നപടികള്‍ക്കൊക്കെ ശേഷമാണു ബില്‍ സബ്ജക്ട് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്‌ക്കോ പൊതുജനാഭിപ്രായം തേടാനോ വിടുന്നത്. സഭയുടെ ചരിത്രത്തില്‍ ഇതുവരെ അഞ്ചു ബില്ലുകളാണു പൊതുജനാഭിപ്രായം തേടാന്‍ വിട്ടിട്ടുള്ളത്. അഞ്ചും ഔദ്യോഗിക ബില്ലുകളായിരുന്നു.

വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ബില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Malayalam news

Kerala news in English