എഡിറ്റര്‍
എഡിറ്റര്‍
പെന്‍ഷന്‍ പ്രായം, സര്‍വ്വീസ് സംഘടനകള്‍ക്കുവേണ്ടിയെടുത്ത തീരുമാനത്തെ എതിര്‍ക്കും: വി.ടി ബല്‍റാം
എഡിറ്റര്‍
Monday 19th March 2012 4:01pm

തിരുവനന്തപുരം: തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് യുവ എം.എല്‍.എ വി.ടി ബല്‍റാം. സര്‍വ്വീസ് സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെടുത്ത തീരുമാനമാണിതെന്നും ബല്‍റാം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയത് ശരിയായില്ല. നേരത്തെ ഇതുസംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ യുവജനസംഘടകളുമായി ചര്‍ച്ച ചെയ്തശേഷമേ ഒരു തീരുമാനത്തിലെത്തൂവെന്ന് ധനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായി ആരുമായും ആലോചിക്കാതെ ഏകകക്ഷീയമായി തീരുമാനമെടുക്കുകയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തി.

‘വിരമിക്കല്‍ പ്രായം 56 ആക്കിയതിനോട് എതിര്‍പ്പില്ല. കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയതിനാല്‍ ഫലത്തില്‍ 56 വയസ് തന്നെയാണ് വിരമിക്കല്‍ പ്രായം. വിരമിക്കല്‍ ഏകീകരണം എടുത്തുമാറ്റുമ്പോള്‍ പെന്‍ഷന്‍ പ്രായം 56 ആക്കി നിജപ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളൊന്നും കൊണ്ടുവരാതെ ഈ തീരുമാനമെടുത്തതിനെയാണ് എതിര്‍ക്കുന്നത്. ‘ അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ജനസംഖ്യയുടെ വെറും 2% ആളുകള്‍മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. അവരുമായി ബന്ധപ്പെട്ട ഒരു തീരുമാനമെടുക്കുമ്പോള്‍ അവരുടെ സംഘടനയുടെ താല്‍പര്യം മാത്രം നോക്കിയാല്‍ പോര. യുവജനസംഘടനകളുടെ അഭിപ്രായവും തേടണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ 98% വരുന്ന ജനങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ട്. അതിവിടെയുണ്ടായിട്ടില്ല. ‘ ബല്‍റാം പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുക, ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തശേഷമാണ് ഈ തീരുമാനമെടുത്തതെങ്കില്‍ അതിനെ അംഗീകരിക്കുമായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. തീരുമാനത്തോടുള്ള എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിക്കാനും നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English

Advertisement