എഡിറ്റര്‍
എഡിറ്റര്‍
ഔദ്യോഗിക വസതി ഗംഗ ഗ്രേസാക്കി; അബ്ദുറബ്ബിനെ വിമര്‍ശിച്ച് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എഡിറ്റര്‍
Tuesday 5th June 2012 9:42am

മണ്ണാര്‍ക്കാട്: ഫേസ്ബുക്കിലൂടെ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായി വി.ടി ബല്‍റാമിന്റെ നടപടി ചര്‍ച്ചയാവുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേര് ഗ്രേസ് എന്നാക്കി മാറ്റിയതിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ചര്‍ച്ചയായത്.

ഗംഗ ഇന്ത്യയുടെ ജലസംസ്‌കൃതിയാണെന്ന നെഹ്‌റുവിന്റെ വാചകം ഉദ്ധരിച്ച ബല്‍റാം തുടര്‍ന്ന് ഗംഗ എന്ന പേരില്‍ മോശമായി ആയി ഒന്നുമില്ലെന്നും സൂചിപ്പിക്കുന്നു. പോസ്റ്റിന് ഇതിനകം തന്നെ 284 ലൈക്കും 46 ഷെയറും ലഭിച്ചത് ബല്‍റാമിന്റെ നിലപാടിനുള്ള അംഗീകാരമായി കണക്കാക്കാം.

ബല്‍റാമിന്റെ ഫേസ്ബുക്ക് വിമര്‍ശനത്തിന് അനുകൂലമായും പ്രതികൂലമായും നൂറുകണക്കിന് പേരാണ് രംഗത്തുവന്നിട്ടുള്ളത്്. തൃത്താലയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെ ബല്‍റാമിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ മറുപടി നല്‍കിയിട്ടുണ്ട്. ബല്‍റാമിന്റെ ഭാഷ സംഘപരിവാറിന്റേതാണെന്ന് അവര്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചതെന്നും ആരോഗ്യകരമായ ഒരു സംവാദം മാത്രമാണ് ലക്ഷ്യമാക്കിയതെന്നും ബല്‍റാം പറഞ്ഞു. കെ.എം ഷാജി ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്കും തനിക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഔദ്യോഗികവസതിയുടെ പേര് മാറ്റിയത് ഫേസ്ബുക്കില്‍ വന്‍ ചര്‍ച്ചയായിരുന്നു. മന്ത്രിയുടെ നടപടി വര്‍ഗീയ സ്വഭാവം വളര്‍ത്തുന്നതാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ ബില്‍ ഫേസ്ബുക്കില്‍ അനുവാദമില്ലാതെ പോസ്റ്റ് ചെയ്തതിന് സ്പീക്കറുടെ വിമര്‍ശനത്തിന് നേരത്തെ ബല്‍റാം വിധേയനായിരുന്നു.

Advertisement