തിരുവനന്തപുരം: ടി.എന്‍ പ്രതാപന്‍ എം.എല്‍.എയെ വിമര്‍ശിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ നടപടിയ്‌ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്.

Ads By Google

ടി.എന്‍ പ്രതാപനെതിരായ പി.സി ജോര്‍ജിന്റെ അധിക്ഷേപം ഒരു ദുഷിച്ച ഫ്യൂഡല്‍ മനസ്സിന്റെ പ്രതിഫലനമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. ജനാധിപത്യത്തില്‍ ജനപ്രതിനിധികള്‍ പ്രതിനിധീകരിക്കുന്നത് ജനങ്ങളെയാണ് സമുദായങ്ങളയല്ലെന്നും പോസ്റ്റില്‍ വി.ടി ബല്‍റാം പറയുന്നു.

ജനപ്രതിനിധികള്‍ സ്വസമുദായങ്ങളുടെ താല്‍പര്യസംരക്ഷകര്‍ മാത്രമായിരിക്കണമെന്ന ജോര്‍ജിന്റെ ലോജിക്ക് കോണ്‍ഗ്രസിന് സ്വീകാര്യമല്ല. കയ്യേറ്റക്കാര്‍ക്കും മാഫിയകള്‍ക്കും യു.ഡി.എഫിന്റെ ചിലവില്‍ സംരക്ഷണം നല്‍കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെതിരെ ചെറുത്തുനില്‍പ്പുണ്ടാവുക സ്വാഭാവികമാണ്. പി.സി ജോര്‍ജ് യു.ഡി.എഫിന്റെ സ്വയം പ്രഖ്യാപിത വക്താവാകുന്ന അപമാനകരമായ അവസ്ഥ തുടരണമോയെന്ന കാര്യത്തില്‍ നേതൃത്വം ആത്മപരിശോധന നടത്തണമെന്നും ബല്‍റാം പറഞ്ഞു.

ഫേസ്ബുക്കില്‍ വി.ടി ബല്‍റാമിന്റെ അഭിപ്രായത്തിന് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റിട്ട് രണ്ട് മണിക്കൂറിനുള്ളില്‍ 92 പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 135 പേരാണ് അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.