എഡിറ്റര്‍
എഡിറ്റര്‍
ചോര്‍ത്തിക്കിട്ടിയ ബജറ്റില്‍ എം.ടി വാസുദേവന്‍ നായരുടെ ഉദ്ധരണികള്‍ ഇല്ല എന്നത് മാത്രമാണ് ഏക വ്യത്യാസം: വി.ടി ബല്‍റാം
എഡിറ്റര്‍
Friday 3rd March 2017 3:56pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് സഭക്കകത്ത് അവതരിപ്പിച്ച ബജറ്റില്‍നിന്ന് പുറത്ത് ചോര്‍ത്തിക്കിട്ടിയ ബജറ്റിനുള്ള ഏക വ്യത്യാസം അതില്‍ എം.ടി വാസുദേവന്‍ നായരുടെ ഉദ്ധരണികള്‍ ഇല്ല എന്നത് മാത്രമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ.

സൈബര്‍ സഖാക്കളോടൊപ്പം ധനമന്ത്രിയുടെ ഈ ബജറ്റ് ചോര്‍ത്തലിന്റെ ഗുണഭോക്താക്കളായ ചില മാധ്യമപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ തെറ്റില്ല എന്ന് ഏകപക്ഷീയമായി വിധിയെഴുതി ന്യായീകരിക്കുന്നുണ്ടെന്നും അവര്‍ അവരുടെ നന്ദി കാണിക്കുന്നു എന്ന് കരുതിയാല്‍ മതിയെന്നും ബല്‍റാം പറയുന്നു.

നിയമസഭയില്‍ അവതരിപ്പിച്ച് തീരുന്നതിന് മുന്‍പേ സംസ്ഥാന ബജറ്റിന്റെ ഏതാണ്ട് പൂര്‍ണരൂപം, പദ്ധതികളും അവക്കായി അനുവദിക്കുന്ന തുകയും ഫിനാന്‍ഷ്യല്‍ ബ്രീഫും നികുതി ഇളവുകളുടെ വിശദവിവരങ്ങളും ഒക്കെ ധനമന്ത്രിയുടെ ഓഫീസ് തന്നെ പലര്‍ക്കുമായി ചോര്‍ത്തി നല്‍കിയിരിക്കുകയാണ്.

ഇത് ഒരസാധാരണ സാഹചര്യമാണ്. ധനമന്ത്രിയെ സംബന്ധിച്ച് ഇത് സത്യപ്രതിജ്ഞയുടെ ഭാഗമായ ‘ഓത്ത് ഓഫ് സീക്രസി’യുടെ ലംഘനമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നത്തെ ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അപഹാസ്യമായ ചില താരതമ്യങ്ങള്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ അന്ന് എഫ്ബിയിലൂടെ പോസ്റ്റ് ചെയ്തത് ജനങ്ങള്‍ ആ അവസരത്തില്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഒരു പൊതുവിഷയത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു സ്വകാര്യ ബില്ലിന്റെ കരട് രൂപമായിരുന്നു. ആ മേഖലയില്‍ കൂടുതല്‍ അറിവുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് കൂടുതല്‍ കുറ്റമറ്റ രീതിയില്‍ ആ ബില്‍ നിയമസഭക്ക് മുന്നില്‍ വരുന്നത് നന്നായിരിക്കും എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അന്നത് ചെയ്തത്. അന്നത്തെ പ്രതിപക്ഷ അംഗവും ഇപ്പോള്‍ മന്ത്രിയുമായ സുനില്‍കുമാര്‍ ഒക്കെ അന്ന് നിയമസഭാംഗങ്ങളുടെ അവകാശലംഘനത്തിന്റെ പേരില്‍ അതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ കാലാനുസൃതമായി മാറണമെന്നും നിയമനിര്‍മാണ കാര്യങ്ങളിലൊക്കെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കണമെന്നുമുള്ള അന്നത്തെ എന്റെ അഭിപ്രായം ഇപ്പോഴും നിലനിര്‍ത്തുന്നു.


Dont Miss ബജറ്റ് ചോര്‍ച്ച; വസ്തുത ഇതാണ് ; ചെന്നിത്തലയുടെ കയ്യില്‍ കിട്ടിയത് മാധ്യമങ്ങള്‍ക്ക് അയച്ച 15 പേജ് 


എന്നാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച് തീരുന്നതിന് മുന്‍പേ സംസ്ഥാന ബജറ്റിന്റെ ഏതാണ്ട് പൂര്‍ണരൂപം, പദ്ധതികളും അവക്കായി അനുവദിക്കുന്ന തുകയും ഫിനാന്‍ഷ്യല്‍ ബ്രീഫും നികുതി ഇളവുകളുടെ വിശദവിവരങ്ങളും ഒക്കെ ധനമന്ത്രിയുടെ ഓഫീസ് തന്നെ പലര്‍ക്കുമായി ചോര്‍ത്തി നല്‍കിയിരിക്കുകയാണ്. ഇത് ഒരസാധാരണ സാഹചര്യമാണ്. ധനമന്ത്രിയെ സംബന്ധിച്ച് ഇത് സത്യപ്രതിജ്ഞയുടെ ഭാഗമായ ‘ഓത്ത് ഓഫ് സീക്രസി’യുടെ ലംഘനമാണ്.

സൈബര്‍ സഖാക്കളോടൊപ്പം ധനമന്ത്രിയുടെ ഈ ബജറ്റ് ചോര്‍ത്തലിന്റെ ഗുണഭോക്താക്കളായ ചില മാധ്യമപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ തെറ്റില്ല എന്ന് ഏകപക്ഷീയമായി വിധിയെഴുതി ന്യായീകരിക്കുന്നുണ്ട്. അവര്‍ അവരുടെ നന്ദി കാണിക്കുന്നു എന്ന് കരുതിയാല്‍ മതി. ഐസക്ക് സഭക്കകത്ത് അവതരിപ്പിച്ച ബജറ്റില്‍നിന്ന് പുറത്ത് ചോര്‍ത്തിക്കിട്ടിയ ബജറ്റിനുള്ള ഏക വ്യത്യാസം അതില്‍ എംടി വാസുദേവന്‍ നായരുടെ ഉദ്ധരണികള്‍ ഇല്ല എന്നത് മാത്രമാണ്.

Advertisement