തിരുവനന്തപുരം: ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ ഒരുക്കിയിട്ട സിംഹാസനം എടുത്തുമാറ്റിയ മന്ത്രി കടകംപള്ളി സുരേന്ദ്രനേയും വി.എസ് ശിവകുമാറിനേയും അഭിനന്ദിച്ച് വി.ടി ബല്‍റാം എം.എല്‍.എ.

രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ അല്‍പം ആര്‍ജ്ജവത്തോടെ ഇടപെടാന്‍ തുടങ്ങിയാല്‍ തീര്‍ക്കാവുന്നതേയുള്ളൂ മതത്തിന്റെയും വിശ്വാസത്തിന്റേയുമൊക്കെ പേര് പറഞ്ഞ് ഇത്തിള്‍ക്കണ്ണികളായി വിലസുന്ന ഇത്തരം ചൂഷക വര്‍ഗ്ഗങ്ങളുടെ നെഗളിപ്പെന്നും ഏതോ കാലത്തെ ‘രാജകുടുംബ’ങ്ങളിലെ ഇപ്പോഴത്തെ അംഗങ്ങളെ കാണുമ്പോഴേക്കും കവാത്ത് മറന്ന് ഭയഭക്തിബഹുമാനത്തോടെ ഓച്ഛാനിച്ചു നില്‍ക്കുന്ന ശീലവും കൂട്ടത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Dont Miss ‘ശൃംഗേരി മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം വേദിയില്‍ നിന്നുംമാറ്റി കടകംപള്ളി സുരേന്ദ്രന്‍; എടുത്തുമാറ്റിയത് തനിക്കുവേണ്ടിയുള്ളതാണെന്നു കരുതിയെന്ന് മന്ത്രി 


പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുടം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ വേദിയില്‍ നിന്നാണ് കടകംപള്ളി വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ സിംഹാസനം എടുത്തുമാറ്റിയത്.

മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം ദേവസ്വം മന്ത്രി എടുത്തുമാറ്റിയതിനെ തുടര്‍ന്ന് കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികകള്‍ സ്റ്റേജില്‍ കയറാതെ പോയിരുന്നു. സിംഹാസനം എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഉദ്ഘാടന പ്രസംഗത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തെ ബി.ജെ.പി നേതാക്കളായ രാജഗോപാലിന്റെയും കുമ്മനത്തെയും വേദയിലിരുത്തി പൊളിച്ച് കടകംപള്ളി കയ്യടി നേടിയിരുന്നു.