എഡിറ്റര്‍
എഡിറ്റര്‍
ഡി.വൈ.എഫ്.ഐയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇരട്ടച്ചങ്കുള്ള, ആണ്‍കുട്ടിയായ രഞ്ജിത്തിന് അഭിനന്ദനങ്ങള്‍; വിമര്‍ശനവുമായി വി.ടി ബല്‍റാം
എഡിറ്റര്‍
Monday 27th February 2017 9:11pm

കൊച്ചി: വി.ടി ബല്‍റാമിന്റെ സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പുച്ഛിച്ച സംവിധായകന്‍ രഞ്ജിത്തിനെതിരെ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒരു കോടി അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രശസ്ത ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക നായകനുമായ ഇരട്ടച്ചങ്കുള്ള, നട്ടെല്ലുള്ള, ആണ്‍കുട്ടിയായ ശ്രീ രഞ്ജിത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

നടിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങള്‍ ചെയ്യില്ലെന്ന് നടന്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. പൃഥ്വിയുടെ പ്രഖ്യാപനത്തെ പ്രശംസയോടെയാണ് സമൂഹം ഏറ്റുവാങ്ങിയത്. പലരും ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഇതേതുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് മാതൃഭൂമി പത്രത്തില്‍ പ്രേംചന്ദിന്റെ ലേഖനമുണ്ടായിരുന്നു. സംവിധായന്‍ രഞ്ജിത്തിന്റെ ചിത്രത്തിലെ രംഗം എടുത്ത് പറഞ്ഞായിരുന്നു പ്രേംചന്ദിന്റെ ലേഖനം. ഇതിനെതിരെ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. ലേഖകനായ പ്രേചന്ദിന്റെ ഭാര്യാപിതാവ് ടി.ദാമോദരന്റെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത ആരു തിരുത്തും എന്നായിരുന്നു രഞ്ജിത്തിന്റെ വിമര്‍ശനം.

രഞ്ജിത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരുന്നു. പ്രശസ്ത നടി റിമാ കല്ലിങ്കലും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രഞ്ജിത്തിന്റെ തന്നെ ചിത്രമായ ആറാം തമ്പുരാനിലെ ഡയലോഗ് ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Advertisement