എഡിറ്റര്‍
എഡിറ്റര്‍
‘മിസ്റ്റര്‍ പിണറായി വിജയന്‍, ആ മാതൃഹൃദയത്തോട് നിങ്ങള്‍ക്കറിയാവുന്ന മാന്യമായ ഭാഷയില്‍ മാപ്പു ചോദിക്കണം; ഇല്ലെങ്കില്‍ തകര്‍ന്നു വീഴുക പിണറായിയെന്ന വിഗ്രഹം മാത്രമല്ല ജനാധിപത്യവുമായിരിക്കും’: വി.ടി ബല്‍റാം
എഡിറ്റര്‍
Thursday 6th April 2017 1:08pm

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം അണയുന്നില്ല. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാമും രംഗത്തെത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ മഹിജയെ നേരില്‍ കണ്ടു മാപ്പു ചോദിക്കണമെന്നാണ് വി.ടി ബല്‍റാം ആവശ്യപ്പെടുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ടി തന്റെ പ്രതികരണം അറിയിച്ചത്.

‘മിസ്റ്റര്‍ പിണറായി വിജയന്‍, ഞാന്‍ നിങ്ങളുടെ പതിവ് വിമര്‍ശകനാണ്. രാഷ്ട്രീയമായി നിങ്ങളൊന്ന് ക്ഷീണിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നയാളുമാണ്. എന്നാല്‍ ഇനിപ്പറയുന്നത് അതിന്റെയടിസ്ഥാനത്തില്‍ കാണരുത്, ദയവായി.’ എന്നു പറഞ്ഞാണ് ബല്‍റാം തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

നിങ്ങള്‍ ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ ഒന്ന് നേരില്‍ പോയി കാണണം. നിങ്ങളുടെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിന്റെ പേരില്‍ ആ മാതൃഹൃദയത്തോട് ക്ഷമാപണം നടത്തണം. നിങ്ങളെ അളവില്ലാതെ ആരാധിച്ച, നിങ്ങളിലെ പാടിപ്പുകഴ്ത്തപ്പെട്ട ധീരതയില്‍ അതിരില്ലാതെ വിശ്വസിച്ച ഒരു മകന്‍ അവര്‍ക്കുണ്ടായിരുന്നു. ബല്‍റാം പറയുന്നു.


Also Read: ‘ചങ്ക് തകര്‍ന്നാണ് ഞാനിതെഴുതുന്നത്..ഒരു നല്ലകാര്യത്തിനിറങ്ങിയ എന്റെ വീടിന്നൊരു മരണ വീടുപോലെയാണ്, ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനിറങ്ങില്ല’; കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ജൂഡ്


കമ്മ്യൂണിസ്റ്റ് അനുഭാവിയായ ആ അമ്മക്ക് ഇപ്പോഴും ചില പ്രതീക്ഷകള്‍ നിങ്ങളില്‍ ബാക്കിയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ന്നാല്‍ അത് പിണറായി വിജയനെന്ന വിഗ്രഹത്തിന്റെ തകര്‍ച്ച മാത്രമായിരിക്കില്ല, നമ്മുടെ ജനാധിപത്യത്തില്‍ ഒരു സാധാരണ വീട്ടമ്മക്ക് അവശേഷിക്കുന്ന പ്രതീക്ഷയുടെ പൂര്‍ണ്ണത്തകര്‍ച്ച ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഓര്‍ക്കുക,നിങ്ങളിപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന്. ഒന്നുകൂടി ഓര്‍ക്കുക, നിങ്ങളുടെ ആ പദവി എല്ലാക്കാലത്തേക്കുമുള്ളതല്ല എന്ന്. അതുകൊണ്ട് മിസ്റ്റര്‍ പിണറായി വിജയന്‍,ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ ആ അമ്മയെ നേരില്‍പ്പോയി കാണണം. നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും മാന്യമായ ഭാഷയില്‍ ക്ഷമാപണം നടത്തണം. വി.ടി കൂട്ടിച്ചേര്‍ക്കുന്നു.

Advertisement