എഡിറ്റര്‍
എഡിറ്റര്‍
‘ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളു’; ആര്‍.എസ്.എസ്സിന്റെ ആയുധപരിശീലനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് വി.ടി ബല്‍റാം
എഡിറ്റര്‍
Thursday 4th May 2017 3:33pm

 


തിരുവനന്തപുരം: ക്ഷേത്രപരിസരങ്ങളില്‍ ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുണ്ടോയെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. തൃത്താല എം.എല്‍.എ വി.ടി ബല്‍റാം നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. നിയമസഭയില്‍ ചോദിച്ച ചോദ്യവും ഉത്തരവും സഹിതമാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ക്ഷേത്ര പരിസരങ്ങളില്‍ ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ പോലുള്ള ശാഖകളില്‍ ചിലയിടത്ത് ആയുധ പരിശീലനം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ, ഇതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ, ശാഖാ പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും തടയാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് ബല്‍റാം ചോദിച്ചത്. ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂവെന്നുമായിരുന്നു ബല്‍റാമിന്റെ പരിഹാസം. ആര്‍.എസ്.എസിന്റെ ആയുധപരിശീലങ്ങള്‍ക്കെതിരെ ഒരു നടപടിപോലും സ്വീകരിക്കാനോ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാനോ കേരളത്തിലെ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘സൈനികരുടെ വീരമൃത്യു ഒഴിവാക്കാനായി ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ നില്‍ക്കാം’; ഒരു ട്രക്ക് നിറയെ കല്ലുകളുമായി ആയിരം സന്യാസിമാര്‍ കശ്മീരിലേക്ക്


ആയുധപരിശീലനങ്ങളേക്കുറിച്ച് ഇനിയും ശ്രദ്ധയില്‍പ്പെടാത്ത മുഖ്യമന്ത്രി സ്വന്തം പ്രൈവറ്റ് സെക്രട്ടറിയായ എം.വി ജയരാജനോട് ചോദിച്ചാല്‍ മതി. ആര്‍.എസ്.എസിന്റെ ആയുധപരിശീലന ക്യാമ്പുകളെക്കുറിച്ച് കൈരളി പീപ്പിള്‍ ചാനല്‍ 2016 ഡിസംബര്‍ 28ന് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ട ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ വെല്ലുവിളിക്ക് മുന്നില്‍ പ്ലിംഗിയിരുന്നത് ഇതേ ജയരാജന്‍ തന്നെയായിരുന്നു എന്ന് കേരളം മറന്നിട്ടില്ലെന്നും തുടര്‍ന്ന് ബല്‍റാം പറഞ്ഞു.

പോലീസുമായി ബന്ധപ്പെട്ട മുന്നൂറിലേറെ നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രി ഇടക്കെങ്കിലും നല്‍കുന്ന മറുപടികളുടെ അവസ്ഥയും ഇതാണ് എന്നും മനസ്സിലാക്കാവുന്നതാണ് എന്ന് പറഞ്ഞാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൈരളി-പീപ്പിള്‍ ചാനലിലെ ചര്‍ച്ചയുടെ വീഡിയോ ലിങ്കും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

ബല്‍റാം ചോദിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും:

 

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആര്‍എസ്എസിന്റെ ആയുധ പരിശീലനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യമൊന്നും ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളേക്കുറിച്ചുള്ള കൃത്യമായ ചോദ്യത്തിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു.
അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്, ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂ. ആര്‍എസ്എസിന്റെ ആയുധപരിശീലങ്ങള്‍ക്കെതിരെ ഒരു നടപടിപോലും സ്വീകരിക്കാനോ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാനോ കേരളത്തിലെ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല.
ആയുധപരിശീലനങ്ങളേക്കുറിച്ച് ഇനിയും ശ്രദ്ധയില്‍പ്പെടാത്ത മുഖ്യമന്ത്രി സ്വന്തം പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജനോട് ചോദിച്ചാല്‍ മതി. ആര്‍എസ്എസിന്റെ ആയുധപരിശീലന ക്യാമ്പുകളെക്കുറിച്ച് കൈരളി പീപ്പിള്‍ ചാനല്‍ 2016 ഡിസംബര്‍ 28ന് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ട ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബിജെപി നേതാവ് വി വി രാജേഷിന്റെ വെല്ലുവിളിക്ക് മുന്നില്‍ പ്ലിംഗിയിരുന്നത് ഇതേ ജയരാജന്‍ തന്നെയായിരുന്നു എന്ന് കേരളം മറന്നിട്ടില്ല. https://youtu.be/i2u0IaIB1Vg
പോലീസുമായി ബന്ധപ്പെട്ട മുന്നൂറിലേറെ നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രി ഇടക്കെങ്കിലും നല്‍കുന്ന മറുപടികളുടെ അവസ്ഥയും ഇതാണ് എന്നും മനസ്സിലാക്കാവുന്നതാണ്.

വീഡിയോ:

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Advertisement