Categories

‘കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്?’; മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം


കോഴിക്കോട്: മൂന്നാറിലെ ഭീമന്‍ കുരിശ് പൊളിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ടി ബല്‍റാം. കുരിശു കാണുമ്പോള്‍ മുട്ടു വിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി എന്നു തന്നെയാണോ വിളിക്കേണ്ടതെന്നായിരുന്നു വി.ടിയുടെ ചോദ്യം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വി.ടിയുടെ വിമര്‍ശനം.

സമൂഹത്തിന്റെ ഒരു പരിച്ഛേദമായി മാറിയിട്ടുണ്ട് ഇന്ന് സോഷ്യല്‍ മീഡിയ. ഇവിടെ അഭിപ്രായം പറയുന്ന തൊണ്ണൂറ് ശതമാനത്തിലേറെ ക്രിസ്തീയ വിശ്വാസികളും മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നതായിട്ടാണ് കാണുന്നത്. അവര്‍ക്കാര്‍ക്കുമില്ലാത്ത വര്‍ഗീയ വികാരം ഇളക്കിവിടാന്‍ സി.പി.ഐ.എം എം.എല്‍.എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ഇപ്പോഴിതാ സംസ്ഥാന മുഖ്യമന്ത്രി തന്നെയും പരസ്യമായി രംഗത്ത് വന്നിരിക്കുന്നുവെന്ന് വി.ടി ആരോപിക്കുന്നു.

കുരിശ് പൊളിക്കുന്നതിലൂടെ കളി മാറുമെന്നും അതോടെ എല്ലാം നിര്‍ത്തിവെച്ച് വന്‍കിട കയ്യേറ്റക്കാരെ രക്ഷിച്ചെടുക്കാമെന്നുമായിരുന്നോ സര്‍ക്കാരിന്റെ ഉള്ളിലിരുപ്പ് എന്ന സംശയം ഉയരുന്നുണ്ടെന്നും വി.ടി പറയുന്നു.


Also Read: ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നെന്ന് മഞ്ജു വാര്യര്‍ 


‘കുരിശ് പൊളിക്കുന്ന സര്‍ക്കാരാണോ ഇത്?’ എന്നത് ഈ നാട്ടിലെ സാധാരണക്കാരുടെയോ പ്രതിപക്ഷത്തിന്റേയോ ഒന്നും ചോദ്യമല്ല, അത് പൊതുമുതല്‍ കയ്യേറുന്നതിന് വിശ്വാസത്തെ മറയാക്കുന്ന സാമൂഹ്യദ്രോഹികളുടെ മാത്രം ചോദ്യമാണ്. ആ ചോദ്യത്തിന് മുന്നില്‍ പതറാതെ, പതറിയതായി അഭിനയിക്കാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുന്ന റവന്യൂ വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് സംസ്ഥാന മുഖ്യമന്ത്രി മുന്നോട്ടുവരേണ്ടതെന്നും തൃത്താല എം.എല്‍.എ അഭിപ്രായപ്പെട്ടു.