എഡിറ്റര്‍
എഡിറ്റര്‍
‘ആ മറുപടി മുഖ്യമന്ത്രി പറയാതിരുന്നെങ്കില്‍ അതിനര്‍ത്ഥം ടി.പി കേസിലെ പ്രതികളെ ഈ സര്‍ക്കാറാണ് കൂട്ടിച്ചേര്‍ത്തതെന്നാണ്’; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം
എഡിറ്റര്‍
Friday 24th March 2017 2:40pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെയുള്‍പ്പെടെ ശിക്ഷായിളവ് നല്‍കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുന്നതിന്റെ വീഡിയോ സഹിതമാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ കുറഞ്ഞത് 14 വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കണമെന്നും ടി.പി കേസിലെ കുറ്റക്കാര്‍ അത്രയും കാലമായിട്ടില്ലാത്തതിനാല്‍ അവര്‍ സ്വാഭാവികമായും ശിക്ഷായിളവിന് അര്‍ഹരല്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും വിവരാവകാശപ്രകാരം ലഭിച്ച രേഖ പ്രകാരം അവര്‍ ശിക്ഷായിളവിന് അര്‍ഹരായവരുടെ പട്ടികയില്‍ എങ്ങനെ ഇടം നേടിയെന്ന് ബല്‍റാം ചോദിക്കുന്നു. സര്‍ക്കാര്‍ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൊടുത്ത ലിസ്റ്റിലും അവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ബല്‍റാം ചോദിക്കുന്നു.


Also Read: ‘വിദ്യാഭ്യാസം എങ്ങനെ ഭാരതവത്കരിക്കാം?’ രാജ്യമെമ്പാടുമുള്ള യൂണിവേഴ്സിറ്റി അധ്യാപകര്‍ക്ക് മോഹന്‍ ഭഗവത് ക്ലാസെടുക്കും


നിയമസഭയില്‍ മറുപടി പറയുന്ന വേളയില്‍ താനിക്കാര്യം കൃത്യമായി പരിശോധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഒഴുക്കന്‍ മട്ടില്‍ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസില്‍ത്തന്നെ വിഷയം ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാല്‍ അദ്ദേഹം അത് സംബന്ധിച്ച് മതിയായ ഗൃഹപാഠം ചെയ്തിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. എന്നിട്ടും അദ്ദേഹം കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നത് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കാര്യമായി എന്തൊക്കെയോ മറച്ചുപിടിക്കാനുണ്ടെന്നത് കൊണ്ട് തന്നെയാണ്. നിയമസഭയില്‍ തീര്‍ത്തും അനാവശ്യമായ അവസരങ്ങളില്‍പ്പോലും രാഷ്ട്രീയാരോപണം ഉന്നയിക്കുന്നയാളാണ് മുഖ്യമന്ത്രി എന്ന് ഏവര്‍ക്കും അറിയാം. എന്നിട്ടും ‘നിങ്ങളുടെ കാലത്തുണ്ടാക്കിയ ലിസ്റ്റില്‍ത്തന്നെ ടി.പി കേസിലെ കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടല്ലോ, എന്നിട്ട് എന്നോടെന്തിനാണ് അത് ചോദിക്കുന്നത്?’ എന്ന് തിരുവഞ്ചൂരിന്റെ വായടപ്പിക്കുന്നമട്ടില്‍ ഒരു മറുപടി മുഖ്യമന്ത്രി പറയാതിരുന്നിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ആ പേരുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്ന് തന്നെയാണ് എന്ന് ന്യായമായും ഊഹിക്കാെമന്നും ബല്‍റാം പറയുന്നു.


Don’t Miss: ‘അവരെ നഗ്നരാക്കി, സാനിറ്ററി പാഡുവരെ അഴിപ്പിച്ചു’ ബംഗാളില്‍ കസ്റ്റഡിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക നേരിട്ട പീഡനം വെളിപ്പെടുത്തി ബൃന്ദകാരാട്ട്


മുന്‍സര്‍ക്കാറിന്റെ കാലത്ത് ജയില്‍വകുപ്പ് തയ്യാറാക്കിയ കരട് ലിസ്റ്റ് അംഗീകരിക്കപ്പെടുകയോ ഗവര്‍ണ്ണര്‍ക്ക് അയച്ചു കൊടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് അറിവ്. ഈ ലിസ്റ്റില്‍ നിന്ന് കുറച്ചാളുകളെ ഒഴിവാക്കുകയും വേറെ കുറച്ച് പേരെ തിരുകി കയറ്റുകയും ചെയ്യുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടാണ് യു.ഡി.എഫ് കാലത്ത് ശിക്ഷ പോലും വിധിക്കപ്പെടാതിരുന്ന നിഷാം അടക്കമുള്ളവര്‍ ശിക്ഷാ ഇളവിനുള്ള ലിസ്റ്റില്‍ കയറിപ്പറ്റിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരണമെങ്കില്‍ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണ്ടേതുണ്ടെന്നും അത് വരുന്ന നിയമസഭാ സമ്മേളനത്തില്‍ ചോദിക്കുമെന്നും അദ്ദേഹം പറയുന്നു. നിമസഭയില്‍ ചോദിക്കാനുദ്ദേശിക്കുന്ന നാല് ചോദ്യങ്ങളും ബല്‍റാം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടി പറയുന്നതിന്റെ വീഡിയോ ആണിത്. ടിപി ചന്ദ്രശേഖരന്‍ കേസിലെ കുറ്റവാളികളെ ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്‌പെസിഫിക്കായ ചോദ്യത്തിന് മറുപടി പറയുന്ന ഭാഗം. ‘ശിക്ഷാ ഇളവ്’ എന്ന് തന്നെയാണ് അല്ലാതെ ‘വിട്ടയക്കല്‍’ എന്നല്ല മുഖ്യമന്ത്രിയും പറയുന്നത്. അതുകൊണ്ട് ‘എന്തൊക്കെയായാലും ടിപി കേസിലെ പ്രതികളെ ഈയടുത്തൊന്നും വിട്ടയക്കില്ല’ എന്ന സൈബര്‍ സഖാക്കളുടെ ഇപ്പോഴത്തെ ഡിഫന്‍സ് അപ്രസക്തമാണ്. ചര്‍ച്ച ശിക്ഷാ ഇളവിനെക്കുറിച്ച് തന്നെയാണ്.
ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവര്‍ ശിക്ഷാ ഇളവിന് പരിഗണിക്കണമെങ്കില്‍ മിനിമം 14 വര്‍ഷം ജയില്‍വാസം പൂര്‍ത്തീകരിക്കപ്പെടണം എന്ന് മുഖ്യമന്ത്രി എടുത്തുപറയുന്നുണ്ട്. ടിപി കേസിലെ കുറ്റക്കാര്‍ അത്രയും കാലമായിട്ടില്ലാത്തതിനാല്‍ അവര്‍ സ്വാഭാവികമായും ‘ശിക്ഷാ ഇളവിന്’ പരിഗണിക്കപ്പെടാന്‍ അര്‍ഹരല്ല എന്നാണ് പൊതുന്യായം എന്നും മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറയുന്നു.


Never Miss: ‘തങ്കപ്പന്‍ ഉടന്‍ ആക്രമണം നടത്തും’; ആലുവ പൊലീസിനെ മുള്‍മുനയിലാക്കി അഞ്ചാം ക്ലാസുകാരന്‍ ‘രാജപ്പന്റെ’ വ്യാജ ബോംബ് ഭീഷണി


എന്നിട്ടും എങ്ങനെ ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പ്രകാരം അവര്‍ ശിക്ഷാ ഇളവിന് അര്‍ഹരായവരുടെ പട്ടികയില്‍ ഇടം നേടി? ജയില്‍ വകുപ്പിന്റെ കരട് ലിസ്റ്റില്‍ മാത്രമാണോ അതോ സര്‍ക്കാര്‍ അംഗീകരിച്ച് ഗവര്‍ണ്ണര്‍ക്ക് അയച്ച് കൊടുത്ത ലിസ്റ്റിലും അവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?
നിയമസഭയില്‍ മറുപടി പറയുന്ന വേളയില്‍ താനിക്കാര്യം കൃത്യമായി പരിശോധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഒഴുക്കന്‍ മട്ടില്‍ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസില്‍ത്തന്നെ വിഷയം ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാല്‍ അദ്ദേഹം അത് സംബന്ധിച്ച് മതിയായ ഗൃഹപാഠം ചെയ്തിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. എന്നിട്ടും അദ്ദേഹം കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നത് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കാര്യമായി എന്തൊക്കെയോ മറച്ചുപിടിക്കാനുണ്ടെന്നത് കൊണ്ട് തന്നെയാണ്. നിയമസഭയില്‍ തീര്‍ത്തും അനാവശ്യമായ അവസരങ്ങളില്‍പ്പോലും രാഷ്ട്രീയാരോപണം ഉന്നയിക്കുന്നയാളാണ് മുഖ്യമന്ത്രി എന്ന് ഏവര്‍ക്കും അറിയാം. എന്നിട്ടും ‘നിങ്ങളുടെ കാലത്തുണ്ടാക്കിയ ലിസ്റ്റില്‍ത്തന്നെ ടിപി കേസിലെ കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടല്ലോ, എന്നിട്ട് എന്നോടെന്തിനാണ് അത് ചോദിക്കുന്നത്?’ എന്ന് തിരുവഞ്ചൂരിന്റെ വായടപ്പിക്കുന്നമട്ടില്‍ ഒരു മറുപടി മുഖ്യമന്ത്രി പറയാതിരുന്നിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ആ പേരുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്ന് തന്നെയാണ് എന്ന് ന്യായമായും ഊഹിക്കാം.


Must Read: തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; പോസ്റ്റ് ഓഫീസിലെ എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകള്‍ക്ക് ഇടങ്കോലിട്ട് ബാങ്കുകള്‍


മുന്‍ സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് അംഗീകരിച്ച നിശ്ചിത മാനദണ്ഡപ്രകാരം ജയില്‍ വകുപ്പ് ഒരു കരട് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അത് ആഭ്യന്തര വകുപ്പ് സെക്രട്ടറി തലത്തിലോ മന്ത്രി തലത്തിലോ അംഗീകരിക്കപ്പെടുകയോ ഗവര്‍ണ്ണര്‍ക്ക് അയച്ചുകൊടുക്കുകയോ ഉണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കരട് ലിസ്റ്റില്‍നിന്ന് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കുറച്ച് പേരെ ഒഴിവാക്കിയും പകരം പുതുതായി കുറച്ചാളുകളെ തിരുകിക്കയറ്റിയുമാണ് അത് ഗവര്‍ണ്ണര്‍ക്ക് അയച്ചുകൊടുത്തത് എന്നാണ് ഇപ്പോഴുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കാവുന്നത്. അതുകൊണ്ടാണ് യുഡിഎഫ് കാലത്ത് ശിക്ഷ പോലും വിധിക്കപ്പെടാതിരുന്ന നിഷാം അടക്കമുള്ളവര്‍ ശിക്ഷാ ഇളവിനുള്ള ലിസ്റ്റില്‍ കയറിപ്പറ്റിയത്. യുഡിഎഫ് കാലത്ത് കാപ്പ ചുമത്തപ്പെട്ട നിഷാമിന് അത് ഒഴിവാക്കി നല്‍കിയത് ഏത് കാലത്താണെന്നതും വ്യക്തമാവേണ്ടതുണ്ട്. അക്കാര്യത്തിലൊക്കെ ഒരു ക്ലാരിറ്റി വരണമെങ്കില്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുള്ളതിനാല്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അത് ചോദ്യമായി ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നു:
1) കേരളത്തിലെ വിവിധ ജയിലുകളിലെ തടവുപുള്ളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്ത് നല്‍കാനുള്ള ശുപാര്‍ശ സഹിതം ഒരു ലിസ്റ്റ് ഉണ്ടാക്കി സര്‍ക്കാരില്‍ നിന്ന് ബഹു. ഗവര്‍ണ്ണര്‍ക്ക് അയച്ചുനല്‍കിയത് എന്നാണ്?
2) ഗവര്‍ണ്ണര്‍ക്ക് അയച്ചുനല്‍കിയ ആ ലിസ്റ്റിന് അന്തിമരൂപം നല്‍കിയത് എന്നാണ്?
3) മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2015ലോ 2016ലോ ഇത്തരത്തില്‍ ഏതെങ്കിലും ലിസ്റ്റ് ജയില്‍ വകുപ്പ് തലത്തിലോ സര്‍ക്കാര്‍ തലത്തിലോ തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ബഹു. ഗവര്‍ണ്ണര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ടോ?
4) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജയില്‍ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍ പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം പുതുതായി ആരെയെങ്കിലും ശിക്ഷാ ഇളവിനര്‍ഹരായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത്തരക്കാരുടെ പേരുവിവരം നല്‍കാമോ?

വി.ടി ബല്‍റാം പോസ്റ്റ് ചെയ്ത വീഡിയോ:

Advertisement