എഡിറ്റര്‍
എഡിറ്റര്‍
”അഡ്‌വാണിജി അങ്ങനെ കോവിന്ദയായി” ; അദ്വാനിയെ തഴഞ്ഞ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് വി.ടി ബല്‍റാം
എഡിറ്റര്‍
Monday 19th June 2017 3:54pm

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്നും ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ തഴഞ്ഞ ബി.ജെ.പി നേതൃത്വത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം. ”അഡ്‌വാണിജി  അങ്ങനെ കോവിന്ദയായി” എന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

രാഷ്ട്രപതി സ്ഥാനത്തേക്ക് ആദ്യം മുതലേ ഉയര്‍ന്നുകേട്ട പേരായിരുന്നു അദ്വാനിയുടേത്. എന്നാല്‍ ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അദ്വാനിക്ക് തിരിച്ചടിയായി.


Dont Miss ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി 


പിന്നീട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരിഗണിച്ച ഒരു വേളയില്‍പോലും അദ്വാനിയുടെ പേര് ഉയര്‍ന്നുകേട്ടതുമില്ല. എന്നാല്‍ അദ്വാനിയെ പിന്തുണച്ച് ബി.ജെ.പി നേതാവ് കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ അദ്വാനിയാണന്നും അതിനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടെന്നും സിന്‍ഹ പറഞ്ഞിരുന്നു. എന്നാല്‍ ആ അഭിപ്രായം ബി.ജെ.പി നേതൃത്വം മുഖവിലക്കെടുത്തില്ല.

ദ്രൗപതി മുര്‍മു, സുഷമ സ്വരാജ്, രാം നായിക്, സുമിത്ര മഹാജന്‍ എന്നിവരുടെ പേരുകളായിരുന്നു എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. മെട്രോമാന്‍ ഇ ശ്രീധരനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ബീഹാര്‍ ഗവര്‍ണ്ണറും ബി.ജെ.പിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എ പ്രഖ്യാപിക്കുകയായിരുന്നു. ന്യൂദല്‍ഹിയില്‍ ഇന്നു ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വാര്‍ത്താ സമ്മേളനത്തില്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 71 കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. ദളിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക വഴി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമം.

Advertisement