എഡിറ്റര്‍
എഡിറ്റര്‍
തോമസ് ഐസക് ഒഴിവുകഴിവ് വകുപ്പ് മന്ത്രിയായി ; സ്വന്തം വീഴ്ച മറച്ചുവെക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് വി.ടി ബല്‍റാം
എഡിറ്റര്‍
Tuesday 4th April 2017 3:21pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. വീഴ്ച വകുപ്പ് മന്ത്രി, ചോര്‍ച്ച വകുപ്പ് മന്ത്രി എന്നിവയൊക്കെപ്പോലെ തോമസ് ഐസക്ക് ഇപ്പോള്‍ ഒരു ഒഴിവുകഴിവ് വകുപ്പ് മന്ത്രിയായി മാറുകയാണെന്ന് ബല്‍റാം കുറ്റപ്പെടുത്തുന്നു.

ആദ്യം നോട്ടുനിരോധനമായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുകഴിവ്. ഇപ്പോള്‍ സുപ്രീം കോടതിയുടെ മദ്യഷാപ്പ് നിയന്ത്രണവും സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാനുള്ള ഒഴിവുകഴിവായി അദ്ദേഹം മാറ്റുന്നു.

അദ്ദേഹമിറക്കിയ ധവളപത്രത്തില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അഴിമതിയുടെ പേരില്‍ കുറ്റപ്പെടുത്താനായി എടുത്തുപറഞ്ഞ ‘പിരിച്ചെടുക്കാന്‍ കഴിയുമായിരുന്നിട്ടും പിരിച്ചെടുക്കാതിരുന്ന നികുതി’കളില്‍ എത്ര തുക ഈ സര്‍ക്കാര്‍ ഇതുവരെ പിരിച്ചെടുത്തിട്ടുണ്ട് എന്നറിയാന്‍ താത്പര്യമുണ്ടെന്നും വി.ടി ബല്‍റാം പറയുന്നു.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയേക്കുമെന്നാണ് തോമസ് ഐസക്ക് പറയുന്നത്. പറയുന്നത് കേട്ടാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ‘എല്ലാം ശരിയാക്കു’ന്നതിന്റെ ഭാഗമായി വാഗ്ദാനം ചെയ്തത് പോലെ എല്ലാ മാസവും പെന്‍ഷന്‍ ഇപ്പോള്‍ മുടങ്ങാതെ വീട്ടിലെത്തിച്ച് നല്‍കിക്കൊണ്ടിരിക്കുകയാണെന്നാണ് തോന്നുക.

ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഈ സര്‍ക്കാരിന്റെ കാലത്ത് വെറും രണ്ട് തവണ മാത്രമാണ് ക്ഷേമ പെന്‍ഷന്‍ നല്‍കിയത്. അതും മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ ലഭിച്ചുവന്നിരുന്ന ഏതാണ്ട് ആറ് ലക്ഷം പേരെ ഒഴിവാക്കിയതിന് ശേഷമാണെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയേക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പറയുന്നത് കേട്ടാല്‍ തോന്നും തെരഞ്ഞെടുപ്പ് കാലത്ത് ‘എല്ലാം ശരിയാക്കു’ന്നതിന്റെ ഭാഗമായി വാഗ്ദാനം ചെയ്തത് പോലെ എല്ലാ മാസവും പെന്‍ഷന്‍ ഇപ്പോള്‍ മുടങ്ങാതെ വീട്ടിലെത്തിച്ച് നല്‍കിക്കൊണ്ടിരിക്കുകയാണെന്ന്.

ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഈ സര്‍ക്കാരിന്റെ കാലത്ത് വെറും രണ്ട് തവണ മാത്രമാണ് ക്ഷേമ പെന്‍ഷന്‍ നല്‍കിയത്. അതും മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ ലഭിച്ചുവന്നിരുന്ന ഏതാണ്ട് ആറ് ലക്ഷം പേരെ ഒഴിവാക്കിയതിന് ശേഷം!

വീഴ്ച വകുപ്പ് മന്ത്രി, ചോര്‍ച്ച വകുപ്പ് മന്ത്രി എന്നിവയൊക്കെപ്പോലെ തോമസ് ഐസക്ക് ഇപ്പോള്‍ ഒരു ഒഴിവുകഴിവ് വകുപ്പ് മന്ത്രിയായി മാറുകയാണ്.

ആദ്യം നോട്ടുനിരോധനമായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുകഴിവ്. ഇപ്പോളിതാ സുപ്രീം കോടതിയുടെ മദ്യഷാപ്പ് നിയന്ത്രണവും സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാനുള്ള ഒഴിവുകഴിവായി അദ്ദേഹം മാറ്റുന്നു. അദ്ദേഹമിറക്കിയ ധവളപത്രത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ അഴിമതിയുടെ പേരില്‍ കുറ്റപ്പെടുത്താനായി എടുത്തുപറഞ്ഞ ‘പിരിച്ചെടുക്കാന്‍ കഴിയുമായിരുന്നിട്ടും പിരിച്ചെടുക്കാതിരുന്ന നികുതി’കളില്‍ എത്ര തുക ഈ സര്‍ക്കാര്‍ ഇതുവരെ പിരിച്ചെടുത്തിട്ടുണ്ട് എന്നറിയാന്‍ താത്പര്യമുണ്ട്.

ഏതാണ്ട് 13,019 കോടി രൂപ പിരിച്ചെടുക്കാനുള്ള നികുതിയില്‍ 7,861 കോടി രൂപയേ സംബന്ധിച്ച് തര്‍ക്കം പോലുമില്ല എന്നാണ് ധവളപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. വിവിധ കോടതികളിലെ അപ്പീല്‍ കേസുകളില്‍പ്പെട്ട് 3720 കോടി രൂപ പിരിച്ചെടുക്കാന്‍ കഴിയാതെ മുടങ്ങിക്കിടക്കുന്നുണ്ടെന്നും ധവളപത്രം പറയുന്നു. ഇതില്‍ എത്ര തുക പിരിച്ചെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നതും വിശദീകരിക്കപ്പെടേണ്ടതുണ്ട്.

Advertisement