എഡിറ്റര്‍
എഡിറ്റര്‍
മിസ്റ്റര്‍ പിണറായി വിജയന്‍, ഇമ്മാതിരി അളിഞ്ഞ രാജഭക്തി വിളംബരം ചെയ്യാന്‍ നാണമില്ലേ? സാമൂതിരി രാജാവിന്റെ സന്ദര്‍ശനത്തില്‍ വി.ടി ബല്‍റാം
എഡിറ്റര്‍
Wednesday 10th May 2017 2:40pm

തിരുവനന്തപുരം: സാമൂതിരിയും കുടുംബാംഗങ്ങളും നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ച സംഭവത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ.

പ്രഗത്ഭനായ എഞ്ചിനീയറും ഫോട്ടോഗ്രാഫറുമൊക്കെയായി ദീര്‍ഗ്ഘനാള്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള, 92 വയസ്സുള്ള ഒരു തറവാട്ടുകാരണവര്‍ കുടുംബാംഗങ്ങളോടൊപ്പം ഇത്രദൂരം യാത്രചെയ്ത് തിരുവനന്തപുരത്തെത്തി സംസ്ഥാന മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിലെ വാര്‍ത്താകൗതുകം മനസ്സിലാവുന്നുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ എന്തിനാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഈമട്ടിലുള്ള അളിഞ്ഞ രാജഭക്തി നിര്‍ലജ്ജം വിളംബരം ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.


Dont Miss സെന്‍കുമാര്‍ പണി തുടങ്ങി; ബെഹ്‌റ പുറത്തിറക്കിയ ഉത്തരവുകള്‍ റദ്ദാക്കി: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ നിര്‍ദേശവും അന്വേഷിക്കും 


തിരുവിതാംകൂര്‍ ‘രാജാവി’നേയും സാമൂതിരി ‘രാജാവി’നേയുമൊക്കെ ഈനാട്ടിലെ ജനങ്ങള്‍ തന്നെ രാജാക്കന്മാരല്ലാതാക്കിയ ഒരു സാമൂഹ്യ ഇടപെടലിന്റെ പേരാണ് ജനാധിപത്യം എന്നത്. അവരുടെ സന്ദര്‍ശന സൗഭാഗ്യത്താല്‍ പുളകം കൊള്ളുന്ന ഇന്നത്തെ ജനാധിപത്യ ഭരണാധികാരികള്‍ക്ക് ഓര്‍മ്മയുണ്ടാവുന്നത് നല്ലതാണെന്നും വി.ടി ബല്‍റാം ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോഴിക്കോട്ടെ ഒരു അറിയപ്പെടുന്ന വ്യക്തി കേരള മുഖ്യമന്ത്രിയെ നിയമസഭയിലെ ഓഫീസില്‍ സന്ദര്‍ശിച്ചുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പിലൂടെ മാലോകരെ അറിയിക്കുന്നു. പ്രഗത്ഭനായ എഞ്ചിനീയറും ഫോട്ടോഗ്രാഫറുമൊക്കെയായി ദീര്‍ഗ്ഘനാള്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള, 92 വയസ്സുള്ള ഒരു തറവാട്ടുകാരണവര്‍ കുടുംബാംഗങ്ങളോടൊപ്പം ഇത്രദൂരം യാത്രചെയ്ത് തിരുവനന്തപുരത്തെത്തി സംസ്ഥാന മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിലെ വാര്‍ത്താകൗതുകം മനസ്സിലാവുന്നുണ്ട്.

 എന്നാല്‍ അതിന്റെ പേരില്‍ എന്തിനാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഈമട്ടിലുള്ള അളിഞ്ഞ രാജഭക്തി നിര്‍ലജ്ജം വിളംബരം ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല.

ഇത് രണ്ടാം തവണയാണത്രേ ‘സാമൂതിരി കുടുംബത്തിലെ രാജാവ്’ (മുദ്ര പ്രത്യേകം ശ്രദ്ധിക്കണം) ഒരു മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്. ഹോ! സംഭവം തന്നെ. 1999ല്‍ നായനാരെ സന്ദര്‍ശിച്ചതിനുശേഷം ഇപ്പോഴാണ് ‘മറ്റൊരു സാമൂതിരി’ (വീണ്ടും മുദ്ര ശ്രദ്ധിക്കണം) മുഖ്യമന്ത്രിയെ കാണാനെത്തുന്നതത്രേ.

തിരുവിതാംകൂര്‍ ‘രാജാവി’നേയും സാമൂതിരി ‘രാജാവി’നേയുമൊക്കെ ഈനാട്ടിലെ ജനങ്ങള്‍ തന്നെ രാജാക്കന്മാരല്ലാതാക്കിയ ഒരു സാമൂഹ്യ ഇടപെടലിന്റെ പേരാണ് ജനാധിപത്യം എന്നത്. അവരുടെ സന്ദര്‍ശന സൗഭാഗ്യത്താല്‍ പുളകം കൊള്ളുന്ന ഇന്നത്തെ ജനാധിപത്യ ഭരണാധികാരികള്‍ക്ക് ഓര്‍മ്മയുണ്ടാവുന്നത് നല്ലതാണ്. ഈ ഫ്യൂഡല്‍ ഗൃഹാതുരത ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ച് അശ്ലീലമാണ് സര്‍.

Advertisement