തിരുവനന്തപുരം: ഗോവയിലെ ജനവിധി എതിരായിട്ടും കള്ളപ്പണമൊഴുക്കിയും കുതിരക്കച്ചവടത്തിലൂടെയും സര്‍ക്കാരുണ്ടാക്കുന്ന ബി.ജെ.പിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.ടി ബല്‍റാം എം.എല്‍.

മുഖ്യമന്ത്രിയെവരെ ജനങ്ങളെ തോല്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തി.

”ഗോവയിലെ ഇത്തവണത്തെ ജനവിധി ബി.ജെ.പിക്ക് എതിരെയാണ്. അവരുടെ നിലവിലെ മുഖ്യമന്ത്രിയെവരെ ജനം തോല്‍പ്പിച്ചു.

എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയും കോടികള്‍ കള്ളപ്പണമൊഴുക്കിയും കുതിരക്കച്ചവടത്തിലൂടെ ബിജെപി അവിടെ സര്‍ക്കാരുണ്ടാക്കുന്നു എന്നത് ജനങ്ങളെ വെല്ലുവിളിക്കലാണ്.”- ബല്‍റാം പറയുന്നു.

നാല്‍പതംഗ നിയമസഭയിലേക്കു ബി.ജെ.പിയുടെ 13 പേരാണു ജയിച്ചത്. കോണ്‍ഗ്രസ് 17 സീറ്റും നേടി. മൂന്നു സീറ്റുകള്‍ വീതമുള്ള എംജിപിക്കും ജിഎഫ്പിക്കും പുറമെ രണ്ടു സ്വതന്ത്ര എംഎല്‍എമാരും പിന്തുണ വ്യക്തമാക്കിയതോടെ ബിജെപിക്കു സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യമൊരുങ്ങുകയായിരുന്നു.

കേവലഭൂരിപക്ഷത്തിന് ആവശ്യമായ 21 എം.എല്‍.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് മനോഹര്‍ പരീക്കര്‍ സംസ്ഥാന ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്കു ഇന്നലെ കൈമാറിയിരുന്നു.

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് നടപടി.

നിലവില്‍ കേന്ദ്ര പ്രതിരോധമന്ത്രിയായ പരീക്കര്‍, കേന്ദ്രമന്ത്രിസ്ഥാനം എപ്പോള്‍ രാജിവയ്ക്കുമെന്ന് വ്യക്തമല്ല. പരീക്കര്‍ മുഖ്യമന്ത്രിയാകണമെന്നു ഗോവയില്‍ ബിജെപി എം.എല്‍.എമാര്‍ പ്രമേയം പാസാക്കിയിരുന്നു.

ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്ത മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി) ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജി.എഫ്.പി) പരീക്കര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യമുന്നയിച്ചു. ഇതിനു പിന്നാലെയാണ് ഗോവയിലേക്ക് പരീക്കറിന്റെ തിരിച്ചുവരവ്.

ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാണു പരീക്കര്‍ 2014 നവംബറില്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായത്. പിന്നാലെ യുപിയില്‍നിന്ന് രാജ്യസഭാംഗവുമായി. പരീക്കറിന്റെ പിന്‍ഗാമിയായി ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.