തിരുവനന്തപ്പുരം: സ്വകാര്യആശുപത്രിയിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ബില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് അറിവില്ലായ്മ മൂലമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. സ്വകാര്യ ബില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് സ്പീക്കറുടെ കടുത്ത വിമര്‍ശനം നേരിട്ട വി.ടി ബല്‍റാം ഡൂള്‍ ന്യൂസിനോട് പ്രതികരിക്കവെയാണ് ഇങ്ങിനെ പറഞ്ഞത്.

നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു സ്വകാര്യ ബില്‍ പൊതുജന സമക്ഷത്തിലേക്ക് വിടുന്നതില്‍ ചട്ടലംഘനം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അറിവില്ലായ്മ കൊണ്ട് ചെയ്തു പോയതാണ്-വി.ടി ബല്‍റാം പറഞ്ഞു. സ്പീക്കറുടെ വിമര്‍ശനത്തിലൂടെ ചട്ടലംഘനം ബോധ്യമായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ആ പോസ്റ്റ് നീക്കം ചെയ്തതായും ബല്‍റാം വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വേതന വര്‍ധനവിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും വേണ്ടി നടത്തിയ സമരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തിന്മേലുള്ള ഒരു ബില്‍ സഭയില്‍ അവതരിപ്പിക്കും മുമ്പ് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചത് ബില്ലിന്മേല്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ വേണ്ടിയായിരുന്നുവെന്ന് ബല്‍റാം വെളിപ്പെടുത്തി.

സ്പീക്കറുടെ ഓഫീസിന്റെ അനുമതിയോടെയാണ് ബില്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കില്‍ ബില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സ്പീക്കറുമായോ സ്പീക്കറുടെ ഓഫീസുമായോ ഇക്കാര്യത്തില്‍ താന്‍ ബന്ധപ്പെട്ടിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഴ്‌സുമാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും അധികാരമുള്ള ഒരു അതോറിറ്റി സംസ്ഥാന തലത്തില്‍ രൂപീകരിക്കുക എന്ന നിര്‍ദേശമാണ് ബില്ലില്‍ പ്രധാനമായും ഉള്ളത്. പ്രസ്തുത ബില്‍ നിയമസഭയുടെ ഈ സെഷനില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും ബല്‍റാം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പിന്തുണ താങ്കള്‍ക്കുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ പാര്‍ട്ടിയുടെ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് ബല്‍റാം പറഞ്ഞു. ഒരു ബില്ലിനെ പൊതുജനങ്ങളുടെ അഭിപ്രായത്തോടെ ശക്തിപ്പെടുത്താന്‍ ഒരു ജനപ്രതിനിധി ആഗ്രഹിച്ചാല്‍ അതിലെന്താണ് തെറ്റ് എന്ന് ചോദിച്ചപ്പോള്‍ ‘നോ കമന്റസ്’ എന്നായിരുന്നു മറുപടി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ള സ്വകാര്യ ബില്ലാണ് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് വി.ടി ബല്‍റാം എം.എല്‍.എ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയത്. ബല്‍റാമിന്റെ നടപടിയില്‍ സ്പീക്കര്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. നിയമസഭയില്‍ പുതിയ അംഗമായതിനാലാണ് ബല്‍റാമിനെതിരെ നടപടിയെടുക്കാത്തതെന്ന് സ്പീക്കര്‍ അറിയിച്ചു.

സ്വകാര്യബില്‍ സഭയിലെത്തും മുമ്പ് ഫേസ്ബുക്കിലിട്ടു: ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം

Malayalam news

Kerala news in English