എഡിറ്റര്‍
എഡിറ്റര്‍
യു.ജി.സി നിയമം ലംഘിക്കുന്ന വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന് പേരിനൊപ്പം പ്രൊഫസര്‍ പദവി ചേര്‍ക്കാന്‍ എന്തധികാരം: വി.ടി ബല്‍റാം
എഡിറ്റര്‍
Sunday 5th February 2017 10:37am

BALRAM-RAVEENDRANATH


എയ്ഡഡ് കോളേജായ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അധ്യാപകനായിരുന്ന രവീന്ദ്രനാഥിന് യു.ജി.സി ചട്ടപ്രകാരം പേരിനൊപ്പം പ്രൊഫസര്‍ പദവി ചേര്‍ക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ബല്‍റാമിന്റെ പോസ്റ്റ്


തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപകനായിരുന്ന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന് പേരിനൊപ്പം പ്രൊഫസര്‍ പദവി ചേര്‍ക്കാന്‍ എന്തധികാരമാണുള്ളതെന്ന് എം.എല്‍.എ വി.ടി ബല്‍റാം. നിയമസഭയില്‍ താന്‍ ഉന്നയിച്ച പ്രൊഫസര്‍ പദവി അനുവദിക്കാനുള്ള യു.ജു.സി ചട്ടങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയ ഉത്തരത്തിന്റെ പകര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് രവീന്ദ്രനാഥിന്റെ പ്രൊഫസര്‍ പദവിയെ ബല്‍റാം ചോദ്യം ചെയ്യുന്നത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ നടപടിക്കെതിരെ എം.എല്‍.എ രംഗത്തെത്തിയത്.


Also read പതിനേഴുകാരിയെ ബലാത്സംഘം ചെയ്തുകൊന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ ഹാഷ്ടാഗ് ക്യാംപെയ്‌നില്‍ പങ്കുചേര്‍ന്ന് കമല്‍ഹാസന്‍ 


എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുന്നില്ല എന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍പ്പോലും മന്ത്രി ‘പ്രൊഫസര്‍ രവീന്ദ്രനാഥ്’ എന്നാണ് പേരായി കാണിച്ചിട്ടുള്ളതെന്നും ബല്‍റാം പറയുന്നു. എയ്ഡഡ് കോളേജായ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അധ്യാപകനായിരുന്ന രവീന്ദ്രനാഥിന് യു.ജി.സി ചട്ടപ്രകാരം പേരിനൊപ്പം പ്രൊഫസര്‍ പദവി ചേര്‍ക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ബല്‍റാമിന്റെ പോസ്റ്റ്.

ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് ‘ബാധകമല്ല’ എന്ന മറുപടിയാണ് നല്‍കിയതെന്നും ബല്‍റാം പറയുന്നു. കേരളത്തിലെ നിരവധി സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി യു.ജി.സി നിയമങ്ങള്‍ ലംഘിച്ച് പദവികള്‍ അവകാശപ്പെടുന്നത് ലജ്ജാകരമാണെന്നും സ്വന്തം കാര്യത്തില്‍ നടപടിയെടുക്കാത്ത അദ്ദേഹം ലോ അക്കാദമി വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ അത്ഭുതമില്ലെന്നും പറഞ്ഞാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി അനുവദിക്കാനുള്ള യുജിസി ചട്ടങ്ങളേക്കുറിച്ച് ഞാന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ‘എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുന്നില്ല’ എന്നാണ് ബഹു. വിദ്യാഭ്യാസ മന്ത്രി രേഖാമൂലം നല്‍കുന്ന മറുപടി. എന്നാല്‍ ഈ മറുപടിയില്‍പ്പോലും അദ്ദേഹം സ്വന്തം പേരായി കാണിച്ചിരിക്കുന്നത് ‘പ്രൊഫ. സി. രവീന്ദ്രനാഥ്’ എന്നാണെന്നത് കൗതുകകരമാണ്. എയ്ഡഡ് കോളേജായ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അധ്യാപകനായിരുന്ന സി. രവീന്ദ്രനാഥിന് പേരിനൊപ്പം പ്രൊഫസര്‍ എന്ന് വെക്കാന്‍ നിയമപരമായി അര്‍ഹതയില്ല എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയുള്ള നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് ‘ബാധകമല്ല’ എന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തിലെ നിരവധി സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി തന്നെ ഇങ്ങനെ യുജിസി നിയമങ്ങള്‍ ലംഘിച്ച് ഇല്ലാത്ത പദവികള്‍ ഉണ്ടെന്നവകാശപ്പെടുന്നത് ലജ്ജാകരമാണ്. സ്വന്തം കാര്യത്തില്‍ നടപടിയെടുക്കാത്ത അദ്ദേഹം ലോ അക്കാദമി വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാത്തതില്‍ അത്ഭുതമില്ല.’

balram-photo

Advertisement