തിരുവനന്തപുരം: കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

36 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റ് ദുരന്തം സംസ്ഥാനത്തിന് ഭീകരമായ നാശവും, വേദനയുമാണ് ഉളവാക്കിയിട്ടുള്ളത് എന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ സഹായവും, പിന്തുണയും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read:മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാക്കി ഉയര്‍ത്തി


‘കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തി പ്രഖ്യാപിച്ചത് പോലെ ഇത് ദേശീയ ദുരന്തമായി കണക്കാക്കുകയും, അതിന്റെ അടിസ്ഥാനത്തിലുള്ള സഹായം കാലവിളംബം കൂടാതെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാവുകയും വേണം.’

രാജ്യത്തെ ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്താനും, ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഏജന്‍സികളെ ഏകോപിപ്പിക്കാനും സഹായകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ വി.എസ് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.