എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് സാമുദായിക സംഘടനകളെ പ്രീതിപ്പെടുത്തുന്നു; നാടാര്‍ സമുദായത്തിനും മന്ത്രി വേണമെന്ന് വി.എസ്.ഡി.പി
എഡിറ്റര്‍
Saturday 7th April 2012 4:09pm

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ശെല്‍വരാജന്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന് വി.എസ്.ഡി.പി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ആഗസ്റ്റ് നാലാം തിയ്യതി നാടാര്‍ സമുദായത്തിലെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ശെല്‍വരാജന്‍ ഉള്‍പ്പെടെയുള്ള നാല് എം.എല്‍.എ മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം, വൈകുണ്ഡസ്വാമിയ്ക്ക് സ്മാരകം, നാടാര്‍സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1,000 രൂപ സ്‌കോളര്‍ഷിപ്പ്, ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍, മതപരിഗണനയൊഴിവാക്കി സംവരണം  എന്നിങ്ങനെ 20 വാഗ്ദാനം മുഖ്യമന്ത്രി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്ന് പോലും പാലിക്കപ്പെട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിനെ പിന്തുണയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ചന്ദ്രശേഖരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

കേരളത്തിലെ മറ്റെല്ലാ ജില്ലകളില്‍ നോക്കിയാലും മതസാമുദായിക സംഘടനകളെ പ്രീതിപ്പെടുത്താന്‍ യു.ഡി.എഫ് ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നാടാര്‍ സമുദായമാണ് ഭൂരിപക്ഷം. അവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.എസ്.ഡി.പിയുടെ നിലപാട് ശെല്‍വരാജിനെ അറിയിച്ചിട്ടുണ്ടെന്നും ആലോചിച്ചശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ചന്ദ്രശേഖരന്‍ പറഞ്ഞു.

Advertisement