എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തല ഉറപ്പുനല്‍കി, വി.എസ്.ഡി.പി നിലപാട് മാറ്റി; നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിനെ എതിര്‍ക്കില്ല
എഡിറ്റര്‍
Saturday 28th April 2012 11:56am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ എതിര്‍ക്കില്ലെന്ന് വി.എസ്.ഡി.പി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്.

നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാനുള്ള തീരുമാനം പിന്‍വലിക്കുകയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

‘ കെ.പി.സി.സി നേതാവുമായി സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ എതിര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കും. അതുപോലെ മന്ത്രിമാരെ തടയാനുള്ള തീരുമാനവും പിന്‍വലിച്ചു’ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ടു ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ ചന്ദ്രശേഖരന്‍ തയാറായില്ല. ഇക്കാര്യം സെന്‍ട്രല്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. നാടാര്‍ സമുദായത്തിന് മന്ത്രി സ്ഥാനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ രമേശ് ചെന്നിത്തല ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് വി.എസ്.ഡി.പി നിലപാട് മാറ്റിയത്.

നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കുക, നാടാര്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക തുടങ്ങിയ 10 നിര്‍ദേശങ്ങള്‍ വി.എസ്.ഡി.പി സര്‍ക്കാരിന് മുന്നില്‍വെച്ചിരുന്നു. ആലോചിച്ചശേഷം തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാതിരുന്നതോടെ വി.എസ്.ഡി.പി യു.ഡി.എഫുമായി പിണങ്ങുകയായിരുന്നു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സാമുദായങ്ങളുടെയും സംഘടനകളുടെയും പിന്തുണ യു.ഡി.എഫിനുണ്ടാവുമെന്ന് ചര്‍ച്ചയ്ക്കുശേഷം ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Malayalam News

Kerala News in English

Advertisement