തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന നിയമസഭാ ഉപസമിതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്‍. പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കുന്ന അനധികൃത കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കണമെന്നും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Subscribe Us:

കഴിഞ്ഞ നവംബര്‍ 14ലെ ഹൈക്കോടതി ഉത്തരവിലെ നിര്‍ദ്ദേശം അനുസരിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വി.എസ് അഭിപ്രായപ്പെട്ടു. കയ്യേറ്റങ്ങളും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിയമം അനുശാസിക്കുന്ന കര്‍ശന നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ വരും തലമുറയ്ക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്്‌ളാറ്റ് സമുച്ചയം നടത്തിയ പരിസ്ഥിതി നിയമ ലംഘനം പിഴയൊടുക്കി റഗുലൈസ് ചെയ്യാനിടയാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണെന്നും വി.എസ് പറഞ്ഞു.


Also Read: പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ദളിത് വിദ്യാത്ഥിനിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു


കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടു നല്‍കാതിരിക്കാന്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന നിയമോപദേശം സര്‍ക്കാരിന്റെ കൈവശമുണ്ട്. അതനുസരിച്ച് കോവളം കൊട്ടാരം സംരക്ഷിക്കാനും നടപടികളുണ്ടാകണമെന്നും വി.എസ് പറഞ്ഞു.