ന്യൂദല്‍ഹി: കൂടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്താന്‍ അപ്പോള്‍ കാണാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കൊലപാതക രാഷ്ട്രീയത്തിനെതിരായ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാവുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ‘ നടപടിയെടുക്കട്ടെ, ഞാനെന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ കാണാം’ എന്നായിരുന്നു വി.എസിന്റെ മറുപടി.

നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ ‘ആര് നടപടിയെടുക്കാന്‍ പോളിറ്റ് ബ്യൂറോയോ’ എന്നായിരുന്നു വി.എസ് മറുപടി നല്‍കിയത്.

വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നിരുന്നു. പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരനും പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷും വാര്‍ത്തചോര്‍ത്തിയതായി പാര്‍ട്ടി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.