തിരുവനന്തപുരം: നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ നിയമസഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്നറിയിപ്പ്. ‘ചിന്ത’ പബ്ലിഷേഴ്‌സ് ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിലെ പ്രശ്‌നങ്ങളുടെ പേരില്‍ ഇടത് എം.എല്‍.എമാരെ ബലിയാടാക്കുന്ന ചിന്തയിലേക്ക് സര്‍ക്കാര്‍ അധഃപതിക്കരുത്. മറിച്ചാണെങ്കില്‍ സഭ മര്യാദക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെവരും. തൊപ്പി താഴെ പോയതേ ഉള്ളൂവെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമായിരുന്നു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം പറഞ്ഞത്. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നിര്‍ദേശപ്രകാരം അഭിപ്രായം മാറ്റുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി ചടങ്ങില്‍ പ്രസംഗിച്ച് സി.പി.ഐ.എം സ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൂട്ടത്തില്‍ സാധാരണ സ്ത്രീകള്‍ ഉണ്ടാകാറില്ലെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന് വരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി കഴിഞ്ഞദിവസം അവരെ കൊണ്ടുവന്ന് നിര്‍ത്തുകയായിരുന്നെന്നും പിണറായി ആരോപിച്ചു.

അവരെ ആരും കൈയേറ്റം ചെയ്തിട്ടില്ല. തന്നെ ആരും ആക്രമിച്ചില്ലെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വനിതയെ ആക്രമിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയായിരുന്നു. അത് മാന്യതയില്ലാത്ത നടപടിയാണ്. എന്ത് കളവും വിളിച്ചുപറയാന്‍ മടിയില്ലാത്ത നിലയിലേക്ക് ഉമ്മന്‍ചാണ്ടി അധഃപതിച്ചെന്നും പിണറായി പറഞ്ഞു.