തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ബാലനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ നടപടി ആഭാസജനകമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ചത്. സംസ്‌കാര ശൂന്യമായ പരാമര്‍ശമാണ് പി.സി ജോര്‍ജ്ജ് നടത്തിയത്.

നിയമസഭാ വനിതാ വാച്ച് ആന്റ് വാര്‍ഡിനെതിരായ പരാമര്‍ശവും ആഭാസജനകമാണ്. ജോര്‍ജ്ജിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പത്തനാപുരത്തു നടന്ന യോഗത്തിലാണ് പി.സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.

Subscribe Us:

സംസ്ഥാന സര്‍ക്കാര്‍ പുത്തന്‍ തലമുറ ബാങ്കുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുകയാണെന്ന് തിരുവനന്തപുരത്ത് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബാങ്കുകളിലേക്ക് എത്തിക്കാന്‍ ശ്രമം തുടരുകയാണ്. സ്വയം ഭരണ സ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപവും ഇവിടേക്ക് മാറ്റുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ അക്കൗണ്ട് എസ്ബിഐയിലോ എസ്ബിടിയിലോ തുടങ്ങേണ്ടതിന് പകരം രണ്ട് പുത്തന്‍ തലമുറ ബാങ്കുകളിലാണ് തുടങ്ങിയതെന്ന് വി.എസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ബന്ധു ജോലി ചെയ്യുന്ന ശാഖയിലാണ് ഒരു അക്കൗണ്ട്. നഗ്നമായ സ്വകാര്യമേഖലാ പ്രീണനവും അഴിമതിയും ആണ് ഇത് സൂചിപ്പിക്കുന്നത്.

പുത്തന്‍ തലമുറ ബാങ്കുകളില്‍ കേരളത്തില്‍ നിന്ന് 8000 കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്നാല്‍ ഇവയില്‍ രണ്ട് ബാങ്കുകള്‍ക്ക് ഗ്രാമങ്ങളില്‍ ശാഖകളില്ല. കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന സേവനങ്ങള്‍ നല്‍കാന്‍ ഇവര്‍ തയാറാകുന്നില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.