കൊല്‍ക്കത്ത: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കാണാന്‍ താന്‍ പോയതിനെതിരെ എം.എം ലോറന്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് വി.എസ്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ബര്‍ലിന് സുഖമില്ലാത്തതിനാലാണ് അദ്ദേഹത്തെ കാണാന്‍ പോയത്. സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും വി.എസ് പറഞ്ഞു.

വിവാഹം, മരണം, അസുഖം തുടങ്ങിയ കാര്യങ്ങളില്‍ ഞങ്ങളുടെ ഇടയില്‍ ഒരു വേര്‍തിരിവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് കഴിഞ്ഞദിവസം വി.എസ് പറഞ്ഞിരുന്നു. കൂത്തുപറമ്പില്‍ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നതിന് ഉത്തരവാദിയായ എം.വി.രാഘവനെ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്റെ മകളുടെ കല്യാണത്തിനു ക്ഷണിച്ചിരുന്നു. ആ കല്യാണത്തിന് താനും രാഘവനും എം.എം.ലോറന്‍സും ബി.ജെ.പി. നേതാവ് സി.കെ.പദ്മനാഭനും ഒരുമിച്ചാണ് പങ്കെടുത്തത്. ചിലര്‍ ഇതൊക്കെ മറന്നുപോകുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍ കാണിക്കുന്നതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.