തിരുവനന്തപുരം: വാളകം സ്‌കൂളിലെ അധ്യാപകനെ ആക്രമിച്ചതിന് പിന്നില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറും പിതാവ് ബാലകൃഷ്ണപിള്ളയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്നും വി.എസ് പറഞ്ഞു.

ആക്രമണത്തിനിരയായ അധ്യാപകന്റെ ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും അതിന്റെ അടിസ്ഥാനത്തിലുണ്ടായ ശത്രുതയുമാണ് ആക്രമണത്തിന് പിന്നില്‍- വി.എസ് വ്യക്തമാക്കി.

‘ബാലകൃഷ്ണപ്പിള്ള ഇപ്പോള്‍ ജയിലിലാണെന്നാണ് വെപ്പ്. എന്നാലദ്ദേഹം ഫൈഫ് സ്റ്റാര്‍ സൗകര്യമുള്ള കിംസ് ഹോസ്പിറ്റലില്‍ സുഖചികിത്സയിലാണ്. അദ്ദേഹത്തിന് മക്കളുമായോ ക്വട്ടേഷന്‍ സംഘങ്ങളുമായോ ബന്ധപ്പെടുന്നതിന് യാതൊരു തടസവുമില്ല’ വി.എസ് വ്യക്തമാക്കി.

കൊട്ടാരക്കരയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ അധ്യാപകനെ സന്ദര്‍ശിക്കാനായെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്നും വി.എസ് പറഞ്ഞു.

അതിനിടെ, സ്‌ക്കൂളിലേക്ക് യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്.എഫ്.ഐ , എ.ഐ.വൈ.എഫ് എന്നീ സംഘടനകളാണ് സ്‌ക്കൂളിലേക്ക് മാരച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ സ്‌ക്കൂളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെയാണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ ഔദ്യോഗിക തലത്തിലുള്ള ആളുകള്‍ പങ്കാളികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആളുകളുടെ പേര് ഇപ്പോള്‍ പറയുന്നില്ല. സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞു.