Administrator
Administrator
അഴീക്കോടിനെ വി.എസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു
Administrator
Sunday 11th December 2011 11:01am

തൃശൂര്‍: സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. പത്ത് മിനുട്ടോളം വി.എസ് ആശുപത്രിയില്‍ അഴീക്കോടിനൊപ്പം ചെലവഴിച്ചു. രാവിലെ ഒന്‍പതരയോടെയായിരുന്നു സന്ദര്‍ശനം.

ഇന്നലെ രാവിലെയാണ് അഴീക്കോടിനെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലിലും താടിയെല്ലിനോട് ചേര്‍ന്നു അര്‍ബുദ ബാധ കണ്ടെത്തിയതിനാല്‍ റേഡിയേഷന്‍ ചികിത്സ ആരംഭിച്ചിട്ടുണ്ട്. കാലിന്റെ ചലനശേഷിയെയും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അഴീക്കോടിനെ പരിശോധിച്ചിരുന്നു. ഡോ.പി.സി. സുധീരന്‍, ഡോ. സി.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.

മന്ത്രി എം.കെ മുനീര്‍, മുന്‍ മന്ത്രി എം.എ ബേബി തുടങ്ങിയവരും ആശുപത്രിയിലെത്തി അഴീക്കോടിനെ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ അഴീക്കോടിന്റെ ആരോഗ്യവിവരം ടെലിഫോണിലൂടെ അന്വേഷിച്ചിരുന്നു. ചികിത്സാ ചെലവുകള്‍ സാംസ്‌കാരിക വകുപ്പ് വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Malayalam News
Kerala News in English

Advertisement