antony-and-vsതിരുവനന്തപുരം: കാസര്‍കോട് നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ പ്രതിരോധമന്ത്രി എ.കെ ആന്റണി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കുറിച്ച് മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വീണ്ടും പഠനം നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് പൈശാചികമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കേരളത്തില്‍ മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ളത്. കര്‍ണാടകത്തിലെ 96 ഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്റെ ദുരിതഫലമനുഭവിക്കുന്നവരുണ്ട്. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നത് പഠനങ്ങളില്‍ തെളിഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പഠനം നടത്തുന്നണമെന്ന് പറയുന്നതിനെ പൈശാചികം എന്ന് വിശേഷിപ്പിക്കാനേ കഴിയൂ.

തന്റെ സംസ്ഥാനമായ കര്‍ണാടകയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പോലും പ്രവര്‍ത്തിക്കാനാവാത്ത ജയറാം രമേശ് പരിസ്ഥിതി സ്‌നേഹിയല്ല. പരിസ്ഥിതി വിരുദ്ധനും ജനവിരുദ്ധനുമാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും യു.പി.എയും സ്വീകരിക്കുന്ന നിലപാട് എന്‍ഡോസള്‍ഫാന് അനുകൂലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.