തിരുവനന്തപുരം: പ്രധാനമന്ത്രി തങ്ങിയ ഹോട്ടലില്‍ തനിക്ക് മുറി നിഷേധിച്ചെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. ഇക്കാര്യം അറിഞ്ഞ് താന്‍ ഹോട്ടലിലേക്ക് പോയില്ലെന്നും മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം കേരളത്തിന്റെ പൊതുപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവര്‍ണ്ണറെയും അപമാനിച്ചുവെന്ന് മന്ത്രി വിജയകുമാര്‍ ആരോപിച്ചു.

അതേസമയം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനത്തിലും വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനത്തിലും എം.എല്‍.എമാരെ അവഗണിച്ചത് സംബന്ധിച്ച് ആനത്തലവട്ടം ആനന്ദന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി.

പല തരത്തിലുള്ള പ്രതികരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും എന്തായാലും സംഗതി സത്യമാണെന്ന് അവരും സമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അവഗണിച്ചത് ഗൗരവമായ പ്രശ്‌നമാണ്. വാ പൊത്തിപ്പിടിച്ച് പരാതി പറയാന്‍ തന്നെ കിട്ടില്ലെന്നും അതിന് ഉമ്മന്‍ചാണ്ടിമാരെ കിട്ടുമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.