തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത ചടങ്ങില്‍ കത്തിയുമായെത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. മേലാറന്നൂര്‍ സ്വദേശി അജേഷ്‌കുമാര്‍ ആണ് പിടിയിലായത്. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ എസ് യു ടി ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി ഹാളിലേക്ക് വരുന്നതിന് തൊട്ട് മുമ്പാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ അയല്‍വാസികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വയം രക്ഷക്കായാണ് കത്തി കരുതിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഒരാള്‍ ബഹളം വെച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിയിരിക്കുന്ന വേദിക്കടുത്തേക്ക് കുതിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്നത്തെ സംഭവം. ഇസെഡ് കാറ്റഗറി സുരക്ഷയുള്ളയാളാണ് മുഖ്യമന്ത്രി വി എസ്.