ന്യൂദല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം എന്ന വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി.എസ് അച്യുതാനന്ദന്റെ പിന്തുണ. മതേതര പാര്‍ട്ടികളുടെ സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി.എസ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ എതിരിടാന്‍ സാധ്യമായ എല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റുപാര്‍ട്ടികളും സി.പി.ഐ.എം തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ ഇടപെടണം. സി.പി.ഐ.എം സര്‍ക്കാറും പാര്‍ട്ടിയും വലിയ തോതിലുള്ള ജാഗ്രത കാട്ടേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ബി.ജെ.പി കോട്ട പിടിച്ചടുക്കി കോണ്‍ഗ്രസ്: ഗുരുദാസ്പൂരിലെ വിജയം 1.9ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്


കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ തീരുമാനമെടുത്തിരുന്നു. സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിയാണ് പി.ബി ഇത്തരമൊരു തീരുമാനമെടുത്തത്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സി.പി.ഐ.എം ബംഗാള്‍ ഘടകവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പൊളിറ്റ് ബ്യൂറോ ഇതു തള്ളുകയാണുണ്ടായത്.

ഇതിനു പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്നു പറഞ്ഞ യെച്ചൂരി കേന്ദ്രകമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞിരുന്നു. ഒക്ടോബര്‍ 14 മുതല്‍ 16 വരെയാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്.