തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ എ.ജി എടുത്ത നിലപാടില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ജി നല്‍കിയ സത്യവാങ്മൂലം താന്‍ പരിശോധിച്ചു. സര്‍ക്കാരിന്റെ നിലപാടാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ എ.ജിക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഭൂചലനം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് എ.ജി പറഞ്ഞില്ല. ജലനിരപ്പിനെക്കുറിച്ചും വിശദീകരിച്ചില്ല. എ.ജിയുടെ കാര്യത്തില്‍ അന്തിമതീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ഇത് തന്റെ വ്യക്തിപരമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. എ.ജിയുടെ കാര്യത്തില്‍ ഇന്നുചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ 10 മണിക്കാണ് കെ.പി.സി.സി. നിര്‍വാഹക സമിതിയോഗം ചേര്‍ന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു. ചെന്നിത്തല സംസാരിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി സംസാരിച്ചത്. എ.ജി ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം.

Malayalam News
Kerala News in English