Categories

ആറന്‍മുള : കേന്ദ്രതീരുമാനത്തിനെതിരെ വി.എസും സുഗതകുമാരിയും രംഗത്ത്

vssugathakumari

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയും രംഗത്ത്.

പദ്ധതി നടപ്പില്‍ വരുത്തുന്നതിനെതിരെ മരണം വരെ പോരാടുമെന്ന് സുഗതകുമാരി പറഞ്ഞു. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും അവര്‍ വ്യക്തമാക്കി. തന്നെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ചവിട്ടിതാഴ്ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുഗതകുമാരി ആരോപിച്ചു.

ആറന്‍മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം പാവങ്ങളുടെ വായില്‍ മണ്ണ് വാരിയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തിയാണ് അനുമതി ഒപ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച വിഎസ് എല്‍.എഡി. എഫ് സര്‍ക്കാറിന്റെ അനുമതിയോടെയാണ് പദ്ധതി അനുവദിച്ചതെന്ന വാദം തെറ്റാണെന്നും വ്യക്തമാക്കി.

കേരളത്തില്‍ നിലവില്‍ വിമാനത്താവളങ്ങള്‍ക്ക് കുറവില്ലെന്നും പിന്നെ എന്തിനാണ് ഇനിയും ഒരു വിമാനത്താവളം നിര്‍മിക്കുന്നതെന്ന് വി എസ് ചോദിച്ചു. പദ്ധതി വരുമ്പോഴേക്കും ഈ സര്‍ക്കാര്‍ ഒരു പോക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ഇന്ന് വൈകുന്നേരം ആറ് മണി മുതല്‍ സായാഹ്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൈതൃക ഗ്രാമ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനത്താവളമായ ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കി ഇന്നലെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്.

ആറന്മുളയില്‍ വിമാനത്താവളം വരുന്നതു പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍  നിയോഗിച്ച വിദഗ്ധ ആ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമാനുമതി നല്‍കിയത്.  2000 കോടി രൂപയുടെ പദ്ധതി രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.