തൃശൂര്‍: പാമോലിന്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സംഘം നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഈ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുകയാണെങ്കില്‍ കേസിലെ എല്ലാ പ്രതികളും രക്ഷപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാവും. അതുകൊണ്ട് ഈ റിപ്പോര്‍ട്ട് തള്ളി പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണമെന്നാണ് വി.എസിന്റെ ആവശ്യം.

പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭയെടുത്ത നയപരമായ തീരുമാനമായിരുന്നെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ പ്രധാനപ്രതികളിലൊരാളായ കെ. കരുണാകരന്‍ കേസിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഘട്ടങ്ങളിലൊന്നും പാമോലിന്‍ ഇറക്കുമതി ചെയ്തത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് വി.എസ് ഹരജിയില്‍ പറയുന്നു.

കേസില്‍ തുടരന്വേഷണത്തിനുത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി പാമോലിന്‍ ഇറക്കുമതിക്ക് ടെണ്ടര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിജിലന്‍സിനോട് ചോദിച്ചിരുന്നു. മന്ത്രിസഭായോഗ തീരുമാനമായതിനാല്‍ ടെണ്ടര്‍ വിളിക്കേണ്ടെന്നായിരുന്നു വിജിലന്‍സ് മറുപടി നല്‍കിയത്. എന്നാല്‍ നിയമപ്രകാരം ഇത് ടെണ്ടര്‍ വിളിക്കേണ്ടിയിരുന്ന കരാറായിരുന്നെന്നും വി.എസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌കരന്‍ മുമ്പാകെയാണ് വി.എസ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Malayalam news

Kerala news in English