ന്യൂദല്‍ഹി: ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ ബാലകൃഷ്ണപിള്ളക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി. പിള്ളയുടെ മോചനം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് വി.എസ്.സുപ്രീംകോടതിയില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്. പിള്ളയുടെ മോചനത്തിനെതിരെ വി.എസ്.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച ഹൈടെക് സെല്‍ റിപ്പോര്‍ട്ട്, ജയില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട,് പിള്ളയുടെ മൊബൈല്‍ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ എന്നിവ വി.എസ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജയില്‍നിയമം പാലിക്കാതെയാണെന്നും വി.എസ്. നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe Us:

ഇടമലയാര്‍ കേസില്‍ പിള്ളയ്ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച പിള്ളയെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിള്ളയെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഇതിനു പുറമേ ശിക്ഷാ കാലയളവില്‍ പിള്ള ചട്ടം ലംഘിച്ചു ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ചതു വിവാദമായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു അദ്ദേഹത്തിനു നാലു ദിവസം അധികം തടവില്‍ കഴിയേണ്ടിയും വന്നു. ഇടമലയാര്‍ക്കേസുമായി ബന്ധപ്പെട്ടാണു ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.

പിള്ളയെ 2011 ഫെബ്രുവരി 18നാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ശിക്ഷയിളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് അദ്ദേഹം ജയില്‍ മോചിതനാകുകയായിരുന്നു.

Malayalam news, Kerala news in English