കാസര്‍ഗോഡ്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കനുകൂലമായി പ്രകടനം നടത്തിയവരെ സസ്‌പെന്റ് ചെയ്ത നടപടി പുനപരിശോധിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

പ്രകടനം ശരിയായ കാര്യത്തിനാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ല. വി.എസ്. കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നിരുന്നു. കാസര്‍ഗോഡ് ജില്ലയുടെ നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ തുടങ്ങി വിവിധഭാഗങ്ങളിലും ഇത്തരത്തില്‍ പ്രകടനം നടന്നിരുന്നു. ഉദുമയില്‍ ഇത്തരത്തില്‍ വി.എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ മകനുള്‍പ്പെടെ ഒന്‍പതു പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിനെതിരെയാണ് വി.എസ് പരസ്യ പ്രതികരിണവുമായി രംഗത്ത് വന്നിരിക്കുന്നത്.