തിരുവനന്തപുരം: പി ശശി വിഷയത്തില്‍ ഞാനും മാധ്യമങ്ങളും പ്രതീക്ഷിച്ച റിസല്‍ട്ടുണ്ടായില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഉണ്ടാകുമെന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ‘ ഒരു പരാതി ഉയര്‍ന്നപ്പോള്‍ നമ്മള്‍ അത് സീരിയസ്സായി എടുത്തില്ലെന്ന് വരരുതല്ലോ, അതായിരിക്കാം അന്വേഷണ കമ്മീഷനെ വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശശി കോയമ്പത്തൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് പോയല്ലോ എന്ന് ചോദിച്ചപ്പോള്‍ എല്ലാത്തരം രോഗത്തിനും കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയുണ്ടെന്ന് അദ്ദേഹം പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഔദ്യോഗിക വിഭാഗത്തിന്റെ ശക്തനായ വക്താവുമായിരുന്ന പി.ശശിക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. എന്നാല്‍ അസുഖം കാരണം ശശിക്ക് അവധി അനുവദിക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി വിശദീകരിച്ചിരുന്നത്.

ശശിക്കെതിരെ ഉയര്‍ന്ന പരാതി ഗുരുതരമാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് വി.എസിന്റെ ഇടപെടലുണ്ടാവുന്നത്. ശശിക്കെതിരെ അന്വേഷണ കമ്മീഷനെ വെക്കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.