തിരുവനന്തപുരം: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട അക്രമം ഹരിയാനയിലും പഞ്ചാബിലും ദല്‍ഹിയിലും ഭീതി പടര്‍ത്തിയിരിക്കുകയാണ്. അകമ്രത്തില്‍ 32 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് മൂന്നുറോളം പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ക്രിമിനല്‍ ആള്‍ദൈവങ്ങളുടെ സ്വത്ത് വിവരങ്ങളും ആശ്രമ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ഇത്തരക്കാരുടെ വഴിവിട്ട വളര്‍ച്ചക്ക് രാഷ്ട്രീയ പിന്‍ബലമുണ്ടാവുന്നത് വിനാശകരമാവുമെന്നതിന്റെ ദൃഷ്ടാന്തമാണ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിംഗെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.


Also Read:  ‘നീതിന്യായത്തിലുള്ള വിശ്വാസം നഷ്ടമായിരുന്നു; മകളെ ബലാത്സംഗം ചെയ്തു, മകനെയവര്‍ കൊന്നു’; റാം റഹീമിനെതിരെ 15 വര്‍ഷത്തെ നിയമയുദ്ധം നടത്തിയ അമ്മ പറയുന്നു


കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ഈ ക്രിമിനല്‍ ആള്‍ദൈവം സ്വന്തമായ സുരക്ഷാ സേനയും അധോലോക പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയും തെരുവുകള്‍ കൊലക്കളമാക്കുകയുമാണ്. അപ്പോഴും, ഇന്ത്യയിലെ ഭരണകക്ഷിയും കോണ്‍ഗ്രസ്സും നിസ്സഹായരാവുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരന്തമാണെന്ന് വി.എസ് പറയുന്നു.

അടിച്ചമര്‍ത്തേണ്ട ദുഷ്പ്രവണതകള്‍ക്ക് വളംവെച്ച രാഷ്ട്രീയ നേതൃത്വങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. വോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ട് ആള്‍ദൈവങ്ങള്‍ക്കും ആത്മീയ നേതാക്കള്‍ക്കും മുന്നില്‍ മുട്ടുമടക്കുകയും കാണിക്കയര്‍പ്പിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് അവരെ തള്ളിപ്പറയേണ്ട ഒരു ഘട്ടം വന്നാല്‍ അതിന് സാധിക്കാതെവരുന്നു. ഈ യാഥാര്‍ത്ഥ്യം രാഷ്ട്രീയ നേതൃത്വവും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, തെരുവില്‍ അഴിഞ്ഞാടുന്ന ക്രിമിനലുകളെ സര്‍വ്വ ശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.