തിരുവനന്തപുരം: തന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ സര്‍ക്കാര്‍ നടപടി അയാള്‍ തന്നെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെയെന്നും വി.എസ് പറഞ്ഞു. അന്തരിച്ച കവി കാക്കനാടന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അതേസമയം അഴിമതിക്കെതിരായി പോരാടുന്ന വി.എസ്സിന്റെ ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് അരുണ്‍കുമാറിനെതിരായ നടപടിയെന്ന് പ്രതിപക്ഷനിയമസഭാ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പക ആര്‍ക്കാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും ഇത്‌കൊണ്ടൊന്നും അഴിമതിക്കെതിരായ എല്‍.ഡി.എഫിന്റെയും വി.എസ്സിന്റെയും ശ്രമങ്ങള്‍ അവസാനിക്കില്ലെന്നും കൊടിയേരി പറഞ്ഞു. ഉമ്മന്‍ ചാണ്ടി അഴിമതിയുടെ ഉത്ഭവസ്ഥാനമാണെന്നും ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കൊടിയേരി കൂ്ട്ടിച്ചേര്‍ത്തു.

ഐ.എച്ച്.ആര്‍.ഡിയില്‍ ധനകാര്യവകുപ്പിന്റെ പരിശോധനാവിഭാഗം നടത്തിയ തെളിവെടുപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായ സുബ്രമണ്യത്തെയും അസിസ്റ്റന്റ് ഡയറക്ടറായ വി.എ അരുണ്‍കുമാറിനെയും സസ്പന്‍ഡ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ഏ.ജിയും ധനവകുപ്പും വിദ്യാഭ്യാസവകുപ്പിന് ശിപാര്‍ശ ചെയ്തിരുന്നു. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അരുണ്‍കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എ അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി.എസും കൊടിയേരിയും.