അമേരിക്കയിലും മറ്റും ചെറിയ ചെറിയ കുത്തകകളെ വലിയ കുത്തകകള്‍ വിഴുങ്ങി കൊഴുത്ത് തടിക്കുന്ന സംവിധാനം ഇന്ന് വ്യാപകമാണ്.  ഇത് അവിടെ വിവിധ മേഖലകളില്‍ പ്രകടവുമാണ്.  മൂലധനത്തിന്റെ ഒഴുക്ക് ഒരു കേന്ദ്രത്തിലൂടെ മാത്രമാക്കി മൂലധന ശക്തികളുടെ പിടിമുറുക്കം ശക്തമാക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നില്‍.  ഇതുതന്നെയാണ് എസ്.ബി.ടിയെയും അസോസിയേറ്റ് ബാങ്കുകളെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനു പിറകിലുമുള്ളത്.


vs-fb

quote-mark

ആഗോളവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാന പ്രമാണംതന്നെ വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ മേല്‍ക്കൈ ഇല്ലാതാക്കുകയും, സ്വകാര്യ മൂലധന ശക്തികള്‍ക്ക് ആധിപത്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.  ഇതിന്റെ ചുവടുപിടിച്ചാണ് നേരത്തെ യു.പി.എ ഗവര്‍മെണ്ടിന്റെ കാലത്തായാലും, ഇപ്പോള്‍ ബി.ജെ.പി ഗവര്‍മെണ്ടിന്റെ കാലത്തായാലും, പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന സമീപനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

|വി.എസ് അച്യുതാനന്ദന്‍|


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പൊതുമേഖലാ വാണിജ്യ ബാങ്കിനെയും അസോസിയേറ്റ് ബാങ്കുകളെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മാസങ്ങളായി എസ്.ബി.ടി ജീവനക്കാര്‍ പ്രക്ഷോഭ രംഗത്താണ്.

ഇത് ബാങ്ക് ജീവനക്കാരുടെ മാത്രം അതിജീവനത്തിന്റെ പ്രശ്‌നമല്ല.  ആഗോള മൂലധന ശക്തികളുടെ പിന്‍വാതില്‍ പ്രവേശനത്തിനുള്ള പഴുതുകളില്‍ ഒന്നു മാത്രമാണിത്.  കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ആഗോളവല്‍ക്കരണം രാജ്യത്തിന്റെ നാനാ മേഖലകളില്‍ അതിന്റെ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ്.  ഇത് ആരംഭിച്ച തൊണ്ണൂറുകളില്‍ത്തന്നെ രാജ്യത്തെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളും ഇടതുപക്ഷ ട്രേഡ് യൂണിയനുകളും ഇതിന്റെ ആപത്തിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

പൊതുമേഖലാ സ്ഥാപനങ്ങളേയും ധനകാര്യ സ്ഥാപനങ്ങളേയും ആയിരിക്കും ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക എന്നും നമ്മള്‍ പറഞ്ഞിരുന്നതാണ്.  കാരണം, ആഗോളവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാന പ്രമാണംതന്നെ വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ മേല്‍ക്കൈ ഇല്ലാതാക്കുകയും, സ്വകാര്യ മൂലധന ശക്തികള്‍ക്ക് ആധിപത്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.  ഇതിന്റെ ചുവടുപിടിച്ചാണ് നേരത്തെ യു.പി.എ ഗവര്‍മെണ്ടിന്റെ കാലത്തായാലും, ഇപ്പോള്‍ ബി.ജെ.പി ഗവര്‍മെണ്ടിന്റെ കാലത്തായാലും, പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന സമീപനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

തൊഴിലാളി സംഘടനകള്‍ എന്ന നിലയില്‍ ഇതിനെതിരെ രാജ്യവ്യാപകമായിത്തന്നെ യോജിച്ച പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തിവരികയാണ്.  മൂന്ന് നാല് ദിവസം മുമ്പാണ് തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായ പണിമുടക്ക് നടത്തിയത്.
കേരളത്തിന്റെ അഭിമാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ സേവ് എസ്.ബി.ടി. ഫോറം രൂപീകരിച്ച് പ്രക്ഷോഭങ്ങളും നടത്തിവരികയാണ്. സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ക്കൊപ്പം ഇതര മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും എല്ലാം ചേര്‍ന്നാണ് ഈ പ്രക്ഷോഭങ്ങള്‍ നടത്തിവരുന്നത്.

ഇതില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള സംഘടനകള്‍ ഒറ്റക്കെട്ടാണ്.  അതായത്, എസ്.ബി.ടി.യിലെ ജീവനക്കാര്‍ മാത്രമല്ല, മറ്റു മേഖലകളിലെ ഭൂരിപക്ഷം ആളുകളും ലയന നീക്കത്തിന് എതിരാണ് എന്നതാണ് വസ്തുത.  ഇതു മാത്രമല്ല, കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനെതിരെ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയുണ്ടായി.  എന്നു പറഞ്ഞാല്‍, ലയനം പാടില്ല എന്നത് കേരളത്തിന്റെ പൊതു വികാരമാണ് എന്നാണ് അര്‍ത്ഥം.  അപ്പോള്‍, കേരളത്തിന്റെ മൊത്തം താല്‍പ്പര്യത്തിന് വിരുദ്ധമായി എന്തിന് ഇത്തരമൊരു ലയനം അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം.

അമേരിക്കയിലും മറ്റും ചെറിയ ചെറിയ കുത്തകകളെ വലിയ കുത്തകകള്‍ വിഴുങ്ങി കൊഴുത്ത് തടിക്കുന്ന സംവിധാനം ഇന്ന് വ്യാപകമാണ്.  ഇത് അവിടെ വിവിധ മേഖലകളില്‍ പ്രകടവുമാണ്.  മൂലധനത്തിന്റെ ഒഴുക്ക് ഒരു കേന്ദ്രത്തിലൂടെ മാത്രമാക്കി മൂലധന ശക്തികളുടെ പിടിമുറുക്കം ശക്തമാക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നില്‍.  ഇതുതന്നെയാണ് എസ്.ബി.ടിയെയും അസോസിയേറ്റ് ബാങ്കുകളെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനു പിറകിലുമുള്ളത്.