തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ള തടവില്‍ കഴിയവെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണ്‍വിളിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ പിള്ള വിളിച്ചത് മുഖ്യമന്ത്രിയെ തന്നെയാണെന്നും വി.എസ് പറഞ്ഞു. ഈ വിഷയത്തില്‍ അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘ഒരാഴ്ച മുമ്പ് വാളകത്തെ സ്‌കൂള്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അസംബ്ലിയില്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിക്കുന്നതായുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. പിള്ള മുഖ്യമന്ത്രിയുമായി വരെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം ആ സമയത്ത് സഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ പിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിച്ചതായി ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.’- വി.എസ് പറഞ്ഞു.

Subscribe Us:

‘കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉപദേശങ്ങള്‍ ചോദിക്കാനുമാണ് മന്ത്രിമാര്‍ പ്രൈവറ്റ സെക്രട്ടറിമാരെ നിയമിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ മുഖ്യമന്ത്രിയെ തന്നെയാണ് വിളിച്ചത്. പ്രൈവറ്റ് സെക്രട്ടറി വഴി പിള്ള എന്ത് കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചത് എന്നറിയാനാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടത്. പിള്ള പറഞ്ഞ കാര്യം സഭയെ അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ സഭ നിഷേധിക്കുകയാണുണ്ടായത്.’

‘വാളകത്ത് പിള്ളയുടെ ഉടമസ്ഥതയിലുള്ള ഹൈസ്‌ക്കൂളിലെ അധ്യാപികയ്ക്ക് അര്‍ഹമായ പ്രമോഷന്‍ മാനേജ്‌മെന്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത അധ്യാപികയോട് മാനേജ്‌മെന്റിനുള്ള പകയാണ് അവരുടെ ഭര്‍ത്താവിനെ ആക്രമിച്ചതിന് പിന്നില്‍. സത്യം പുറത്തുവരുമെന്നായപ്പോള്‍ മുന്‍മന്ത്രിക്കുവേണ്ടി ഈ മന്ത്രിസഭ കീഴടങ്ങുന്നതാണ് നമ്മള്‍ കണ്ടത്. പ്രതിപക്ഷത്തിനു മുന്നില്‍ നില്‍ക്കകള്ളിയില്ലാതായിരിക്കുകയാണ് മുഖ്യമന്ത്രിക്ക്. ഈ കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനാണ് പ്രതിപക്ഷം വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ടത്. എന്നാല്‍ ഭരണകക്ഷികളാല്‍ പല തരത്തില്‍ സ്വാധീനിക്കപ്പെട്ട സ്പീക്കര്‍ പ്രമേയത്തിനുളള അനുമതി നിഷേധിക്കുകയാണുണ്ടായത്.’ – വി.എസ് വ്യക്തമാക്കി.